യാത്രക്കാര്‍ കയറുന്നതിനിടെ വിമാനത്തിന്‍റെ ചക്രങ്ങള്‍ ഒടിഞ്ഞു


ബെർലിൻ: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തില്‍ യാത്രക്കാർ കയറുന്നതിനിടെ വിമാനത്തിന്റെ ചക്രങ്ങള്‍ ഒടിഞ്ഞു.

ലുഫ്താൻസ എയർലൈൻസിന്റെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്റെ മുൻചക്രങ്ങളാണ് ഒടിഞ്ഞു വീണത്. വിമാനത്തിലേക്ക് യാത്രക്കാർ കയറുന്നതിനായി ഗേറ്റില്‍ നിർത്തിയിട്ടിരുന്ന സമയത്താണ് അപകടം ഉണ്ടായത്. വിമാന ജീവനക്കാരും ഗ്രൗണ്ട് സ്റ്റാഫും യാത്രക്കാരും അടക്കം നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരങ്ങള്‍. ഷാങ്ഹായിലേക്ക് പുറപ്പെടേണ്ടിയിരുന്ന എല്‍എച്ച്‌728 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുന്നതിനുള്ള ബോർഡിംഗ് ബ്രിഡ്ജ് ഘടിപ്പിച്ച്‌ ഇതുവഴി യാത്രക്കാർ കയറുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് വിവരം.

അപകടത്തെ തുടർന്ന് വിമാനത്തിന്റെ മുൻഭാഗം റണ്‍വേയിലേക്ക് ഇടിച്ചിറങ്ങി. ബോർഡിംഗ് ബ്രിഡ്ജിനും തകരാർ സംഭവിച്ചു. ചക്രങ്ങള്‍ തകരുമ്പോള്‍ വിമാനത്തിനുള്ളില്‍ യാത്രക്കാർ കുറവായിരുന്നു. പെട്ടെന്നുണ്ടായ ആഘാതത്തില്‍ വിമാനത്തിനകത്തുണ്ടായിരുന്ന ജീവനക്കാർക്കും വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും പരിക്കേറ്റു. ഇവർക്ക് ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കിയെന്നാണ് വിവരം.

അപകടത്തെ തുടർന്ന് വിമാനത്തിന്റെ മുൻഭാഗത്തിന് സാരമായ തകരാർ സംഭവിച്ചിട്ടുണ്ട്. തകർന്ന ചക്രങ്ങള്‍ മാറ്റുന്നതിനും വിമാനം റണ്‍വേയില്‍ നിന്ന് നീക്കുന്നതിനുമായി സാങ്കേതിക വിദഗ്ദ്ധർ പരിശോധന നടത്തിവരികയാണ്. അപകടത്തെ തുടർന്ന് ഷാങ്ഹായിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി. യാത്രക്കാരെ മറ്റ് വിമാനങ്ങളിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം കണ്ടെത്താൻ ജർമ്മൻ ഫെഡറല്‍ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.