ഇടുക്കി: ചിന്നാർ പാതയിൽ വിരിക്കൊമ്പൻ എന്ന ഒറ്റയാന്റെ മുന്നിൽപ്പെട്ട ബൈക്ക് യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. രണ്ടുതവണ തുമ്പികൈയുടെ കൈയകലത്ത് നിന്നുമാണ് യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ബുധനാഴ്ച രാവിലെ ഏഴുമണിക്കാണ് ചിന്നാർ എസ് വളവിനും പൊങ്കനോട പാലത്തിനുമിടയിൽ സംഭവം നടന്നത്. മൂന്നു കിലോമീറ്റർ ദൂരം ഒരു ചെറിയവളവ് പോലുമില്ലാത്ത നേർപാതയിലാണ് തമിഴ്നാട് സ്വദേശിയായ യുവാവ് ആനയുടെ മുന്നിൽപ്പെട്ടത്. പാതയ്ക്കരികിൽ നിലയുറപ്പിച്ചു നിന്നിരുന്ന വിരിക്കൊമ്പനെ കണ്ട് വാഹനങ്ങൾ ഇരുവശങ്ങളിലും നിർത്തിയിട്ടിരിക്കുകയായിരുന്നു. പാതയ്ക്കരികിലൂടെ നടന്നുവരികയായിരുന്നു ഒറ്റയാൻ.
ബൈക്ക് യാത്രികരിൽ ഒരാൾ ബൈക്കുമായി ഒറ്റയാനെ കടന്നുപോകുവാൻ ശ്രമിക്കവെ പ്രകോപിതനായ ആന യുവാവിന് നേരെ തിരിയുകയായിരുന്നു. ആന നേരെ വരുന്നത് കണ്ട യുവാവ് റോഡ് വിട്ട് ബൈക്ക് താഴേക്ക് ഓടിച്ചുരക്ഷപ്പെടാൻ ശ്രമിച്ചു. ബൈക്ക് മറിഞ്ഞെങ്കിലും ഓടി രക്ഷപ്പെട്ട യുവാവിനെ പിടികൂടാൻ ആന ശ്രമിച്ചെങ്കിലും സുരക്ഷിത സ്ഥാനത്തേക്ക് ഓടിമാറി. വിരികൊമ്പൻ അകലെ മാറിയശേഷമാണ് മറ്റുള്ളവരുടെ സഹായത്തോടെ ബൈക്ക് എടുത്ത് യുവാവ് യാത്ര തുടർന്നത്. റൂട്ടിലുണ്ടായിരുന്ന ഒരു ബസിലെ കണ്ടക്ടർ മാലിക് ജോൺ വിരിക്കൊമ്പന്റെ ആക്രമണം വീഡിയോയിൽ ചിത്രീകരിച്ച് ചിന്നാർ ചെക്ക്പോസ്റ്റിൽ വിവരമറിയിക്കുകയായിരുന്നു.



