യാങ്കൂണ്‍: മ്യാന്‍മറിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ 55 ഓളം പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്.
കൊല്ലപ്പെട്ടവരില്‍ 25 പുരുഷന്മാരും 30 സ്ത്രീകളും ഉള്‍പ്പെടുന്നതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഷാൻ സംസ്ഥാനത്തെ നാംഖാം ടൗണ്‍ഷിപ്പിലെ കൗംഗ് ടാറ്റ് ഗ്രാമത്തില്‍ ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12 ഓടെയാണ് സ്ഫോടനമുണ്ടായത്. വടക്കുകിഴക്കൻ മ്യാൻമാറില് ചൈനീസ് അതിർത്തിയോട് ചേർന്ന സംസ്ഥാനമാണ് ഷാൻ.
രാജ്യത്തെ പട്ടാള ഭരണത്തിനെതിരെ പോരാട്ടം നടത്തുന്ന പ്രബല വിമതസേനയായ താംഗ് നാഷണല്‍ ലിബറേഷൻ ആർമിയുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് സ്ഫോടനം. ഖനനത്തിനും ക്വാറി ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന സ്ഫോടന വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് താംഗ് നാഷണല്‍ ലിബറേഷൻ ആർമി പറഞ്ഞു.
സ്ഫോടനത്തെ തുടർന്ന് നിരവധി ഗ്രാമവാസികള്‍ക്ക് ജീവൻ നഷ്ടപ്പെട്ടതായും പരിക്കേറ്റതായും വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും താംഗ് നാഷണല്‍ ലിബറേഷൻ ആർമി പ്രസ്താവനയില്‍ അറിയിച്ചു. പ്രാദേശിക മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം സ്ഫോടനത്തില്‍ ആറ് കുട്ടികളടക്കം 46 ഓളം പേർക്ക് ജീവൻ നഷ്ടമായി. അതേസമയം കൃത്യമായ മരണസംഖ്യയോ അപകടകാരണമോ ഇതുവരെ വ്യക്തമായിട്ടില്ല. ജനവാസമേഖലയോട് ചേർന്ന് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതിനെതിരെ ചിലർ രംഗത്തെത്തിയിട്ടുണ്ട്.



