രക്ഷാപ്രവര്‍ത്തകരെ കണ്ടതും പൊട്ടിക്കരഞ്ഞ് ഗ്രാമീണര്‍; ഗുഹയില്‍ കുടുങ്ങിയ അഞ്ച് പേരെ എട്ടാംദിനം ജീവനോടെ കണ്ടെത്തി

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ലാവോസില്‍ പ്രളയജലം നിറഞ്ഞ ഗുഹയില്‍ കുടുങ്ങിയ ഏഴ് പേരില്‍ അഞ്ച് പേരെ ജീവനോടെ കണ്ടെത്തി.

രക്ഷാപ്രവര്‍ത്തനത്തിന്റെ എട്ടാംദിവസത്തിലാണ് റെസ്‌ക്യൂ ഡൈവര്‍മാര്‍ ഇവരെ ഗുഹക്കുള്ളില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം, മെഡിക്കല്‍ പരിശോധനകള്‍ എന്നിവ നല്‍കിയ ശേഷമാണ് പുറത്തേക്കെത്തിക്കാന്‍ പദ്ധതി തയ്യാറാക്കുക. അവശേഷിക്കുന്ന രണ്ട് പേരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരും.

ഇന്ന് വൈകീട്ട് പ്രാദേശിക സമയം 4.30ഓടെയാണ് ഗുഹക്കുള്ളിലെ ഉയര്‍ന്ന മേഖലയില്‍ അഭയം തേടിയ നിലയില്‍ അഞ്ച് പേരെ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന തായ്‌ലന്‍ഡ് സ്വദേശിയായ റെസ്‌ക്യൂ ഡൈവര്‍ കെങ്ഗാദ് ബോങ്കവോങ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇവര്‍ക്ക് വെള്ളവും ദ്രവരൂപത്തിലുള്ള ഭക്ഷണവും നല്‍കി. ഗുഹയില്‍ നിറഞ്ഞ വെള്ളത്തിലൂടെ ഇവരെ എങ്ങനെ പുറത്തെത്തിക്കുമെന്നത് സംബന്ധിച്ച്‌ വ്യക്തമായ പദ്ധതിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.