10 വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു; പത്രസമ്മേളനത്തിൽ ചിരിച്ചുകളിച്ച് തമിഴ്നാട് പോലീസുകാർ

ചെന്നൈ: പത്തു വയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ പത്രസമ്മേളനത്തെച്ചൊല്ലി പോലീസിന് രൂക്ഷവിമർശനം.

കോയമ്പത്തൂർ പോലീസിനെതിരേയാണ് സാമൂഹികമാധ്യമങ്ങളിൽ വിമർശനമുയർന്നിരിക്കുന്നത്.

പത്തു വയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ വിവരങ്ങളറിയിക്കാനായി പോലീസ് വിളിച്ചുചേർത്ത പത്രസമ്മേളനത്തിലെ ദൃശ്യങ്ങളാണ് വലിയ വിവാദത്തിനിടയാക്കിയത്.

വെസ്റ്റ് സോൺ ഐജി ആർ.വി. രമ്യ ഭാരതി, കോയമ്പത്തൂർ റേഞ്ച് ഡിഐജി പി. സാമിനാഥൻ, കോയമ്പത്തൂർ എസ്പി അല്ലട്ടിപ്പള്ളി പവൻകുമാർ റെഡ്ഡി തുടങ്ങിയവർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിനിടെയാണ് സംഭവം.

മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നതിന് തൊട്ടുമുൻപ് ഐജിയും ഡിഐജിയും എസ്പിയുമെല്ലാം പരസ്പരം സംസാരിച്ച് ചിരിക്കുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷമായ വിമർശനമുയർന്നു.

തമിഴ്‌നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഗൗരവമേറിയ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പത്രസമ്മേളനം വിളിച്ചുചേർത്ത പോലീസ് ഉദ്യോഗസ്ഥർ ഇങ്ങനെ ചിരിച്ചുകളിച്ചിരിക്കുന്നതിനെയാണ് പലരും കുറ്റപ്പെടുത്തിയത്.

പോലീസിനെ അനുകൂലിച്ചും ചിലർ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായെങ്കിലും ഐജിയോ മറ്റു പോലീസ് ഉദ്യോഗസ്ഥരോ  വിശദീകരണമൊന്നും നൽകിയിട്ടില്ല.

മേയ് 21-നാണ് കോയമ്പത്തൂരിൽ പത്തു വയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ കാണാതാവുകയും പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു.

പെൺകുട്ടി ബലാത്സംഗത്തിനിരയായ ശേഷമാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പ്രതികളായ കാർത്തി, മോഹൻരാജ് എന്നിവരെ പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു.