പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്
ദൈവസ്നേഹം തൊട്ടു തീണ്ടിയിട്ടില്ലെങ്കിലും ദൈവത്തിൻ്റെ പേരിൽ പലതും പടുത്തുയർത്തുവാൻ കഴിയും. പലരും ദൈവത്തിൻ്റെ ലേബലിൽ കൊച്ച് ദൈവങ്ങളായി അവതരിച്ചുകൊണ്ട് അധികാരവും ആധിപത്യവും സ്ഥാപിച്ച് സാധുക്കളെ വഞ്ചിക്കുന്ന ഒരു ലോകത്തിൽ നാം എത്തിയിരിക്കുന്നു.
ഇവർ പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും തിരുവായ്ക്ക് എതിർവായ് ഇല്ല , എല്ലാം ശിരസ്സാവഹിക്കൂ എന്നത്രേ. ദൈവ കോപത്തിൻ്റെ പേര് പറഞ്ഞ് ജനത്തെ ഭയ വിഹ്വലരാക്കിക്കൊണ്ട് അരമനകൾ പണിതുറപ്പിക്കുന്ന സാക്ഷാൽ കുട്ടി ദൈവങ്ങൾ.
മനുഷ്യനെ ദൈവത്തിങ്കലേക്ക് തിരിക്കുകയും ദൈവ സ്നേഹത്തിൻ്റെ പ്രതിബിംബമായി നിലകൊള്ളുകയും ചെയ്യേണ്ടവർ ക്രൂശിക്കപ്പെട്ടവനായ യേശുവിനെ അല്ല വരച്ചു കാണിക്കുന്നത്. പിന്നെയോ അവരുടെ കലാപരിപാടികൾ അത്രേ പ്രദർശിപ്പിക്കുന്നതും പ്രകീർത്തിക്കുന്നതും. ഇതിനു കൊഴുപ്പ് കൂട്ടുവാൻ ഹൈടെക് ക്യാമറകളും സൗണ്ട് സിസ്റ്റവും പിന്നെ ഓശാന പാടുന്നവരും ഉണ്ടെങ്കിൽ പണത്തിന് എന്ത് പഞ്ഞം?
ഭാരതം സ്വതന്ത്രമായി. മാനവ ജനത എന്നന്നേക്കുമായി കാൽവറിയിൽ കൂടി സ്വതന്ത്രമായി. എന്നാൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് ഒന്ന് കണ്ണോടിച്ചാൽ സാമാന്യ ബോധമുള്ളവർക്ക് പെട്ടെന്ന് മനസ്സിലാകും. സാക്ഷാൽ വചനവും ആയി ഒരു പുലബന്ധം ഇല്ലാതെ മുമ്പിൽ ഇരിക്കുന്നവരെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ആശങ്കാകുലരാക്കി സ്വന്തം കൈപ്പടിയിൽ ഒതുക്കി വെച്ചുകൊണ്ട് അമ്മാനം ആടുന്ന ഈ ഓട്ടം തുള്ളലുകൾ എല്ലാം സഭ അല്ല.
അത്താഴത്തിൽ നിന്ന് എഴുന്നേറ്റ് അരയിൽ തുവർത്ത് ചുറ്റിക്കൊണ്ട് തനിക്ക് ചുറ്റും ഇരിക്കുന്ന ശിഷ്യഗണങ്ങളുടെ കാലുകൾ കഴുകി തുടച്ച കർത്താവ് ഒരു ദാസനായി അവതരിച്ചു. ഒരു ദാസ്യവേല ചെയ്തുകൊണ്ട് ഇഹത്തിലെ ശുശ്രൂഷകൾ അവസാനിപ്പിച്ചു. അന്ന് ആ രാത്രിയിൽ ശിഷ്യന്മാരുടെ കാലുകൾ കഴുകി തുടയ്ക്കുമ്പോൾ ഗുരുവിന് നന്നായി അറിയാം ഇതിൽ ഒരുത്തൻ്റെ കാലുകൾ എനിക്കെതിരെ ഉയർത്തും മറ്റുള്ള കാലുകൾ എന്നെ വിട്ട് ഓടും. എല്ലാം അറിഞ്ഞിട്ടും സ്നേഹത്തിൻ്റെ നിറകുടം ആ കാലുകൾ കഴുകി തുടയ്ക്കുന്നു പാദങ്ങളിൽ ചുംബിക്കുന്നു.
ഇതത്രേ യേശുവിൻ്റെ സ്നേഹം. കാലു വലിക്കുകയും കുതികാല് ചവിട്ടുകയും ചെയ്യുന്ന മനുഷ്യ വർഗ്ഗത്തിനുവേണ്ടി ചവിട്ടു മെത്തയായി മാറിയ യേശുവിനെ ഇന്ന് മനുഷ്യകുലം സമ്പന്നതയുടെയും ആർഭാടത്തിൻ്റെയും പടികൾ ചവിട്ടി കയറുവാനുള്ള കേവലം ഒരു ചവിട്ടു പടിയായി ഉപയോഗിക്കുന്നു. ഒരു പണിയും കിട്ടുവാൻ യോഗ്യതയുമില്ല സാധ്യതയുമില്ലാത്തപ്പോൾ പെട്ടെന്ന് ആത്മഭാരം തോന്നുന്നത് ദൈവസ്നേഹം എന്ന് കരുതുന്നുവോ? ആ വിളി ഏതാണെന്ന് ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
സിനിമാ ലോകത്തെ വെല്ലുന്ന സീനുകൾ ആണ് ഇന്ന് പല മെഗാ കൂടിവരവുകളുടെ റീലുകളിൽ കൂടി പുറത്തുവരുന്നത്. മാലോകർക്ക് മുമ്പിൽ വിളംബരം നടത്തുന്ന ഈ ഓട്ടം തുള്ളലുകൾ യജമാനന്മാർക്ക് എന്നും ചാകര സൃഷ്ടിക്കുന്നു. ഈ കോപ്രായങ്ങൾക്ക് കാൽവറിയുമായി പുലബന്ധമില്ല. ക്രൂശിൻ്റെ വചനം വിൽപ്പനച്ചരക്കാക്കി വിറ്റഴിക്കുന്ന സുവിശേഷ മുതലാളിമാർ സമൂഹത്തിൻ്റെ ജീർണ്ണതയാണ്.
കൊച്ചു കേരളത്തിൽ എത്രയോ പട്ടിണി ജീവിതങ്ങളുണ്ട്. സഭകളിൽ ഇവരുടെ എണ്ണം വർദ്ധിക്കുന്നില്ലയോ? പുനരുദ്ധരിക്കുവാനും ജീവിതങ്ങളെ പണിതെടുക്കുവാനും തുനിയാതെ സ്വന്തം എല്ലാം വാങ്ങി ക്കൂടുന്നു.ഇപ്പോൾ സ്വന്തം പേരിൽ സഭയും മേടിച്ച് കുട്ടുന്നതാണോ സുവിശേഷം? കടപ്പാടില്ല നിയന്ത്രണമില്ല ആരോടും ഒരു വിധേയത്വവും ഇല്ലാതെ മതിലുകൾ കെട്ടിപ്പൊക്കി ചന്ദനത്തേരിൽ വിരാജിക്കുന്ന ഇക്കൂട്ടർ യഥാർത്ഥത്തിൽ സുവിശേഷത്തിന് ഭീഷണിയാണ്.
ദ്രവ്യാഗ്രഹത്തിൻ്റെ കൗശല വാക്ക് പറഞ്ഞ് നിങ്ങളെ വാണിഭമാക്കുകയും യേശുവിനെ വിൽക്കുകയും ചെയ്യുന്ന ഇവരെ സൂക്ഷിച്ചുകൊള്ളുവിൻ ഒഴിഞ്ഞ മാറുവിൻ.



