കാറിന് തീപിടിച്ച് മരിച്ച സോന നേരത്തെ പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ സോന മരിച്ച സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പെട്രോള്‍ പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോനയെന്ന് സ്ഥിരീകരിക്കുന്നതാണ് ദൃശ്യങ്ങള്‍. കാറിനുള്ളില്‍ തീപിടിക്കാന്‍ കാരണം പെട്രോളെന്നും തീപിടിത്തം ആസൂത്രിതമെന്നും പോലീസ് പറയുന്നു. മരിച്ച സോനയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

മാതൃസഹോദരിയുടെ മകൾ അശ്വതിക്കൊപ്പമായിരുന്നു സോന സംഭവദിവസം ഷോപ്പിങ്ങിന് പോയത്. എന്നാൽ, സാധനങ്ങൾ വാങ്ങാനായി തങ്ങൾ രണ്ടുപേരും വ്യത്യസ്ത കടകളിലേക്ക് പോയെന്നും സോന എന്താണ് വാങ്ങിയതെന്ന് തനിക്ക് അറിയില്ലെന്നും അശ്വതി പറഞ്ഞു. അപകടം നടന്ന ദിവസം അശ്വതിയുടെ വീട്ടിൽനിന്നാണ് സോനയെ ഭർത്താവ് കൂട്ടിക്കൊണ്ടുപോയത്.

ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവത്തുംചാലില്‍ രജിന്‍ ലാലിന്റെ ഭാര്യ സോനയാണ് കഴിഞ്ഞ ദിവസം തീപിടിത്തത്തില്‍ മരിച്ചത്. കാര്‍ ഓടിച്ച ഭര്‍ത്താവ് രജിന്‍ലാലിന് തീപിടിത്തമുണ്ടായ ഉടനെ കാറിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞെങ്കിലും പിന്‍സീറ്റില്‍ കിടക്കുകയായിരുന്ന സോന വാതില്‍ ലോക്കായതിനാല്‍ കാറിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

കാറിനുള്ളില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ‌നടുവണ്ണൂര്‍ റോഡിലെ സിസിടിവിയില്‍ കന്നാസുമായി പോകുന്ന സോനയുടെ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. പെട്രോള്‍ പമ്പില്‍ നിന്നും സോന തന്നെയാണ് പെട്രോള്‍ വാങ്ങുന്നത്. ഇതോടെ കാറിലെ തീപിടിത്തം ആസൂത്രിതം എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

അതേസമയം, കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഇപ്പോൾ പോലീസ് പുറത്തുവിട്ടിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ എന്ന് സംശയമുള്ളതായി സോനയുടെ അമ്മാവൻ സത്യൻ ആരോപിച്ചു. സത്യം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.