യുപിയില്‍ നാശം വിതച്ച് മഴയും, കൊടുങ്കാറ്റും; നൂറിലധികം പേര്‍ മരിച്ചു; കാറ്റില്‍ പറന്നുപോയി വീണ യുവാവിന് പരിക്ക് 

ഉത്തർപ്രദേശില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും നൂറോളം പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. നിരവധി വീടുകളും വാഹനങ്ങളും തകർന്നു.

മരങ്ങള്‍ കടപുഴകി വീണാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്. ഉത്തർപ്രദേശിലെ ബറേലിയില്‍ കൊടുങ്കാറ്റില്‍ യുവാവ് പറന്നുപോയി. ബറേലി ജില്ലയിലെ ബാമിയാന സ്വദേശി നാൻഹെ മിയാനാണ് അപകടം പറ്റിയത്. കൊടുങ്കാറ്റില്‍ തകര ഷെഡിനൊപ്പം ഇയാള്‍ പറന്നുപോകുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കാറ്റില്‍ നിന്ന് ഷെഡ് സംരക്ഷിക്കാൻ കയറില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു നാൻഹെ. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ നാൻഹെ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 24 മണിക്കൂറിനുള്ളില്‍ ധനസഹായം വിതരണം ചെയ്യാൻ ഉത്തരവിട്ടു.

പ്രയാഗ്‌രാജ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. 21 പേർ മരിച്ചു, ഭദോഹിയില്‍ 18, മിർസാപൂരില്‍ 15, ഫത്തേപൂരില്‍ 10, ഉന്നാവോയിലും ബദൗണിലും ആറ് വീതവും പ്രതാപ്ഗഡിലും ബറേലിയിലും നാല് വീതവും സിതാപൂർ, റായ്ബറേലി, ചന്ദൗലി എന്നിവിടങ്ങളില്‍ രണ്ട് വീതവും മരണമുണ്ടായി. ഇന്നലെ വൈകുന്നേരത്തോടെയാണ് കാലാവസ്ഥ പെട്ടെന്ന് മാറിയത്. ഉത്തർപ്രദേശിന്റെ പല ഭാഗങ്ങളിലും പൊടിപടലങ്ങള്‍ നിറഞ്ഞു. പിന്നാലെ അതിവേഗത്തില്‍ കാറ്റുവീശി. കാറ്റില്‍ ഹോർഡിംഗുകളും ഷെഡുകളും തകർന്നു, മരങ്ങള്‍ കടപുഴകി വീണു. നിരവധി റോഡുകള്‍ തടസ്സപ്പെട്ടു, മരങ്ങള്‍ കടപുഴകി വീണ് വാഹനങ്ങള്‍ തകർന്നു. കൊടുങ്കാറ്റില്‍ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഭാദോഹിയിലെ റാംപൂരില്‍ പാലം തകർന്നതിനെ തുടർന്ന് നിരവധി പേർ ഗംഗയില്‍ വീണതായും റിപ്പോർട്ടുകളുണ്ട്. മറ്റൊരു സംഭവത്തില്‍, മിർസാപൂരിലെ ഗൗര പ്രമാൻപൂരില്‍ പാലം തകർന്നു.