നെടുംകണ്ടം ഇരട്ട കൊല; പ്രതി അപ്പനേയും കൊന്നോ?

സാബു തൊട്ടിപ്പറമ്പില്‍ .

ഇടുക്കി:നെടുങ്കണ്ടം പച്ചടി ഇരട്ടക്കൊലപാതക കേസിൽ മറ്റൊരു വഴിത്തിരുവുകൂടി. മാതാവിനേയും ജേഷ്ഠ സഹോദരനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി സജി സ്വന്തം പിതാവിനേയും കൊലപ്പെടുത്തിയതായി സംശയിക്കുന്നു.

സംഭവ സ്ഥലത്ത് ഇന്നലെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. നേരത്തെ മൃതശരീരം കണ്ടെത്തിയതിന് സമീപം മണ്ണുമാന്തി ഉപയോഗിച്ചുള്ള തിരച്ചലില്‍ ഒരു അസ്ഥിക്കഷണവും, പഴയ തുണിയും ലഭിച്ചു.ഇത് കാണാതായ പിതാവ് മാത്യുവിന്‍റതാണോയെന്ന് സംശയിക്കുന്നു.

എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രതിയുടെ പിതാവ് മാത്യുവിനെ കാണാതാവുന്നത്.അന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കാര്യമായ തെളിവുകളൊന്നും അന്ന് പോലീസിന് ലഭിച്ചിരുന്നില്ല.എന്നാല്‍ മാത്യു നെടുംകണ്ടം വരെ എത്തിയതായുള്ള സൂചനയും,നെടുംകണ്ടത്ത് നിന്ന് ബസ് കയറിപ്പോയതായുള്ള വിവരങ്ങളേയും തുടര്‍ന്ന് അന്വേഷണം നിര്‍ത്തി വയ്ക്കുകയായിരുന്നു.

ഈ കേസുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് വീട്ടുകാരെ സജി നിരുത്സാഹപ്പെടുത്തിയിരുന്നതായുള്ള വിവരങ്ങളും ഇപ്പോള്‍ വെളിയില്‍ വരുന്നുണ്ട്.

കഴിഞ്ഞ ഏപ്രില്‍ 28-ാം തീയതിയാണ് പച്ചടി തോട്ടുവാക്കടയില്‍ വീടിന് സമീപം കുഴിച്ചിട്ട നിലയില്‍ പൊന്‍തിട്ടയില്‍ മേരിക്കുട്ടി(70) ഇവരുടെ മൂത്ത മകന്‍ റെജി(54)എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

കൊല്ലപ്പെട്ട മേരിയുടെ ഇളയ മകന്‍ സജിയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകള്‍ നടത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തലയ്കടിച്ച് വീഴ്ത്ത്തി കഴുത്തില്‍ തൂണിമുറുക്കിയാണ് റെജിയെ കൊലപ്പെടുത്തിയത്. ഇത് തടയാനെത്തിയ സ്വന്തം മാതാവിനെ അതിക്രൂരമായി മുഖത്തിടിച്ച ശേഷം ഭിത്തിയില്‍ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തന്നേ വിവാഹം കഴിക്കാന്‍ സമ്മതിക്കാത്തതും,ഇതിനേതുടര്‍ന്നുള്ള തര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സജി പറഞ്ഞിരുന്നു.

മാതാവിനേയും സഹോദരനേയും കാണാനില്ലെന്ന് കാണിച്ച് കൊല്ലപ്പെട്ട മേരിയുടെ മകള്‍ സിനി നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപമുള്ള പഴയ ചാണകക്കുഴിയില്‍ നിന്നും അധികം താഴ്ചയിലല്ലാതെ കുഴിച്ചിട്ടിരുന്ന രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയത്.

എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ പിതാവിന്‍റ തിരോധാനത്തിലും സജിക്ക് പങ്കുണ്ടൊയെന്ന സംശയം സഹോദരി സിനി പ്രകടിപ്പിച്ചിരുന്നു.ഇതാണിപ്പോള്‍ വഴിത്തിരിവായിരിക്കുന്നത്.

ഏപ്രില്‍ നാലിനാണ് കൊലപാതകങ്ങള്‍ നടത്തിയെതെന്ന് സജി പോലീസിനോട് സമ്മതിച്ചിരുന്നു.മൂന്ന് ദിവസം മൃതശരീരങ്ങള്‍ പ്ലാസ്റ്റക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ചു.പിന്നീടാണ് മറവ് ചെയ്തത്.എന്നാല്‍ പിതാവിന്‍റ തിരോധാനത്തില്‍ തനിക്ക് മനസ്സറിവില്ലെന്നായിരുന്നു സജിയുടെ പോലീസിനോടുള്ള വെളിപ്പെടുത്തല്‍.

എന്നാല്‍ ചോദ്യം ചെയ്യലില്‍ ചില സൂചനകള്‍ പോലീസിന് ലഭിച്ചതായാണ് വിവരം.