ചൈനയിലെ പടക്കനിര്‍മ്മാണ ശാലയില്‍ വൻ സ്ഫോടനം: 21 മരണം, 61 പേര്‍ക്ക് പരിക്ക്

61 പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഹുനാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചാങ്ഷയിലെ ലിയുയാങ് നഗരത്തിലുള്ള ‘ഹുവാഷെങ്’ പടക്ക നിർമ്മാണ ശാലയിലാണ് അപകടമുണ്ടായത്.

സ്ഫോടനത്തിന്റെ ആഘാതത്തില്‍ കിലോമീറ്ററുകളോളം ചുറ്റളവില്‍ കെട്ടിടങ്ങള്‍ക്കും മറ്റ് വസ്തുവകകള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അപകടസ്ഥലത്തിന് സമീപം വെടിമരുന്ന് സംഭരണശാലകള്‍ ഉള്ളതിനാല്‍, വീണ്ടും സ്ഫോടനമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സമീപവാസികളെ ഉടനടി ഒഴിപ്പിച്ചു. പ്രദേശം ഇപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പൂർണ്ണ നിയന്ത്രണത്തിലാണ്.

അഞ്ച് ടീമുകളിലായി 480-ലധികം രക്ഷാപ്രവർത്തകരാണ് നിലവില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നത്. രക്ഷാപ്രവർത്തനത്തിനായി അത്യാധുനിക സംവിധാനങ്ങളുള്ള മൂന്ന് റോബോട്ടുകളെയും വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ധ സംഘം പരിശോധന തുടങ്ങിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പടക്ക നിർമ്മാണ കമ്പനിയുടെ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. ലോകത്തിലെ പടക്ക നിർമ്മാണത്തിന്റെയും കയറ്റുമതിയുടെയും പ്രധാന കേന്ദ്രമാണ് ചൈന. സുരക്ഷാ മാനദണ്ഡങ്ങളിലെ പാളിച്ചകളാണ് ഇത്തരം വലിയ അപകടങ്ങള്‍ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.