ആ ആറ് ഇരകളില്‍ ഒരാള്‍ ഞാൻ തന്നെയാണ്; ബ്രിജ് ഭൂഷണെതിരെ വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗികാതിക്രമ കേസില്‍ നിർണ്ണായക വെളിപ്പെടുത്തലുമായി ഒളിമ്പ്യൻ വിനേഷ് ഫോഗട്ട്.

ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയ ആറ് വനിതാ താരങ്ങളില്‍ ഒരാള്‍ താനാണെന്ന് വിനേഷ് ആദ്യമായി പരസ്യമായി വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വൈകാരികമായ വീഡിയോയിലൂടെയാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.

കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാലും, സുപ്രീം കോടതിയുടെ മാർഗനിർദ്ദേശപ്രകാരം ഇരകളുടെ അന്തസ്സ് സംരക്ഷിക്കേണ്ടതിനാലുമാണ് ഇതുവരെ പേര് വെളിപ്പെടുത്താതിരുന്നതെന്ന് വിനേഷ് പറഞ്ഞു. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ തന്നെ ഇതിന് നിർബന്ധിതയാക്കുകയാണെന്ന് താരം ചൂണ്ടിക്കാട്ടി. ബ്രിജ് ഭൂഷണിന്റെ ശക്തികേന്ദ്രമായ ഉത്തർപ്രദേശിലെ ഗോണ്ടയില്‍ ഗുസ്തി ട്രയല്‍സുകള്‍ നടത്താനുള്ള ഫെഡറേഷന്റെ തീരുമാനമാണ് വിനേഷിനെ പ്രകോപിപ്പിച്ചത്.

ബ്രിജ് ഭൂഷണ്‍ അധ്യക്ഷസ്ഥാനത്തുനിന്ന് മാറിയെങ്കിലും സഞ്ജയ് സിംഗിലൂടെ അദ്ദേഹം തന്നെയാണ് ഫെഡറേഷൻ നിയന്ത്രിക്കുന്നത്. ബ്രിജ് ഭൂഷണിന്റെ ഉടമസ്ഥതയിലുള്ള നന്ദിനി നഗർ മഹാവിദ്യാലയത്തില്‍ വച്ച്‌ മത്സരങ്ങള്‍ നടത്തുമ്പോള്‍ നിഷ്പക്ഷമായ വിധിനിർണ്ണയം അസാധ്യമാണ്. റഫറിമാരെ നിശ്ചയിക്കുന്നതിലും പോയിന്റുകള്‍ നല്‍കുന്നതിലും അദ്ദേഹത്തിന്റെ ആളുകള്‍ ഇടപെടും. തന്നെ ഉപദ്രവിച്ച ഒരാളുടെ തട്ടകത്തില്‍ ചെന്ന് മത്സരിക്കേണ്ടി വരുന്നത് മാനസികമായി തകർക്കുന്ന കാര്യമാണെന്നും വിനേഷ് വീഡിയോയില്‍ വ്യക്തമാക്കി.

ബ്രിജ് ഭൂഷണെതിരെ 2023-ല്‍ ജന്തർ മന്തറില്‍ നടന്ന ഐതിഹാസിക സമരത്തിന്റെ മുൻനിര പോരാളിയായിരുന്നു വിനേഷ്. ഒളിമ്പിക് ജേതാക്കളായ സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ എന്നിവർക്കൊപ്പം വിനേഷിനെ പോലീസ് തെരുവിലൂടെ വലിച്ചിഴച്ച ദൃശ്യങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏഷ്യൻ ഗെയിംസിനായുള്ള തയ്യാറെടുപ്പുകള്‍ക്കിടെ താരം നടത്തിയ ഈ തുറന്നുപറച്ചില്‍ കായിക മന്ത്രാലയത്തെയും റെസ്ലിംഗ് ഫെഡറേഷനെയും വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.