ഗാസയിൽ ഇസ്രയേൽ ആക്രമണം; ഹമാസ് കമാൻഡറും മകനും അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു

ജെറുസലേം: ഗാസാ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. ഒമ്പതുകാരനായ കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുമെന്ന് പലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കാറിനുനേരെ ഉണ്ടായ ഇസ്രയേൽ ആക്രമണത്തിലാണ് നാലുപേർ കൊല്ലപ്പെട്ടത്. ആറുപേർക്ക് പരിക്കേറ്റുവെന്നും ഗാസയിലെ പ്രതിരോധ ഏജൻസി അറിയിച്ചു. ഗാസാ സിറ്റിക്ക് തൊട്ടടുത്തായുള്ള അൽ റിമാലിൽ ആയിരുന്നു ആക്രമണം. കാറിനുനേരെ ഡ്രോൺ ആക്രമണമുണ്ടായാതായാണ് വിവരം.

ഹമാസ് കമാൻഡർ ഇയാദ് അൽ ഷാൻബരിയും അദ്ദേഹത്തിന്റെ മകൻ സലാഹും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ഗാസയിൽ നിന്നുള്ള സുരക്ഷാവൃത്തങ്ങൾ അറിയിക്കുന്നത്. കൊല്ലപ്പെട്ട മറ്റു രണ്ടുപേർ ആരാണെന്ന കാര്യത്തിൽ വ്യക്തയില്ല. ഭീകരർക്കുനേരെ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിടാൻ അവർ തയ്യാറായില്ല.

ഇസ്രായേലിന്റെ മറ്റൊരു ആക്രമണത്തിലാണ് ആദിൽ അൽ നജ്ജാർ എന്ന ഒമ്പതുകാരൻ കൊല്ലപ്പെട്ടത്. ഖാൻ യൂനിസിൽ നടന്ന ആക്രമണത്തിലാണ് കുട്ടി മരിച്ചത്.

ഒക്ടോബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നെങ്കിലും ഗാസയിലെ ആക്രമണത്തിൽ കുറവുണ്ടായിരുന്നില്ലെന്നും ദിനേന ഇസ്രയേൽ ആക്രമണങ്ങൾ തുടർന്നിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇസ്രയേലും, ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസും ആക്രമണം തുടരുകയാണെന്നാണ് വിവരം.