ആ കടല്‍ത്തീരത്ത് അയാള്‍ പലപ്പോഴും വന്നിരിക്കാറുണ്ട്.
തന്റെ ആശയങ്ങളോട് എതിര്‍പ്പുള്ളവരില്‍ നിന്ന് ഒട്ടേറെ പീഢനങ്ങള്‍ അദ്ദേഹത്തിന് ഏല്‍ക്കേണ്ടി വന്നിരുന്നു. അതില്‍ നിന്നും മുക്തമാകാനാണ് അയാള്‍ കടത്തീരത്ത് വന്നിരിക്കുന്നത്.
തിരിച്ചുപോകുമ്പോള്‍ അയാള്‍ ഒരു കല്ല് കടലിലേക്ക് വലിച്ചെറിഞ്ഞാണ് പോകാറ്. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ അദ്ദേഹത്തോട് കാര്യമന്വേഷിച്ചു.
അയാള്‍ പറഞ്ഞു: ഞാന്‍ വലിച്ചെറിയുന്നത് വെറുമൊരു കല്ലല്ല. എനിക്കീ ദുരിതം വന്നല്ലോ എന്ന ഭാവമാണ് എറിഞ്ഞുകളയുന്നത്. എന്നാല്‍ മാത്രമേ തുടര്‍ന്നും എനിക്ക് മുന്നോട്ട് പോകാന്‍ സാധിക്കൂ.
സ്വയം സഹതപിക്കുന്നവരും സ്വയം പ്രചോദിപ്പിക്കുന്നവരുമുണ്ട്. അടിപതറുമ്പോള്‍ ആരെങ്കിലുമൊക്കെ സഹായത്തിനുണ്ടാകും എന്നത് ഒരു പ്രതീക്ഷ മാത്രമാണ്.
പലരും നിസ്സഹായത പറഞ്ഞ് ഒഴിവാക്കും, ചിലര്‍ ഒന്നുമറിഞ്ഞില്ലെന്ന് ഭാവത്തില്‍ അപ്രത്യക്ഷരാകും. ഇവിടെ സ്വയം പിടിച്ചുനില്‍ക്കുക എന്നത് മാത്രമാണ് മാര്‍ഗ്ഗം. വിലാപകാവ്യം പാടി നടക്കുന്നവര്‍ക്ക് പിന്നീടൊരിക്കലും ധീരമായ ചുവടുവെയ്പുകളോ നേര്‍ക്കാഴ്ചകളോ ഉണ്ടാകില്ല.
സ്വയം പ്രചോദിപ്പിക്കുന്നവര്‍ക്ക് ഞാന്‍ ഇതും നേരിടും എന്നതായിരിക്കും ഭാവം. ദുരനുഭവങ്ങളിലൂടെ ചിലര്‍ ശാക്തീകരിക്കപ്പെടും ചിലര്‍ കൂടുതല്‍ ദുര്‍ബലരാകും.
ഓരോ അനുഭവത്തിന് ശേഷവും എന്ത് ശേഖരിച്ചുവെക്കുന്നു, എന്ത് എറിഞ്ഞ് കളയുന്നു എന്നതാണ് പിന്നീട് എന്ത് സംഭവിക്കുന്നു എന്നതിന് അടിസ്ഥാനം.
അപകടരമായതെല്ലാം നമുക്ക് വലിച്ചെറിയാം, ആവശ്യമായതെല്ലാം നമുക്ക് സൂക്ഷിച്ച് വെക്കാം
– ശുഭദിനം.



