തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്ഫോടനം. ദൃക്സാക്ഷികളുടെ മൊഴിയനുസരിച്ച് വൈകീട്ട് 6 മണി വരെ 8 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 40 ഓളംപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. തിരുവമ്പാടി ദേവസ്വംബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോടാണ് സ്ഫോടനം നടന്നത്.
തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലായിരുന്നു അപകടം. തൃശ്ശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ടിനായി തയ്യാറാക്കിവെച്ചിരുന്ന സ്ഫോടക വസ്തുക്കളാണ് കത്തിയത്. കിലോമീറ്ററുകൾ ദൂരെ വരെ മുഴക്കം കേൾക്കുന്ന തരത്തിലുള്ള വലിയ സ്ഫോടനമാണ് ഉണ്ടായത്. അതേ സ്ഥലത്ത് തന്നെ തുടരെ വീണ്ടും സ്ഫോടനം നടന്നിരുന്നു. അപകടസ്ഥലത്ത് സ്ഫോടന വസ്തുക്കൾ ഇനിയും അവശേഷിക്കുന്നതിനാൽ, അവ നിർവീര്യമാക്കിയ ശേഷം മാത്രമേ രക്ഷാപ്രവർത്തകർക്ക് പൂർണ്ണമായും അകത്തേക്ക് പ്രവേശിക്കാൻ കഴിയൂ.
പോലീസ് സംഘവും ആംബുലൻസുകളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനം നടന്നത് എങ്ങനെയാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.



