ടെഹ്റാൻ/വാഷിംഗ്ടണ്‍ ഡിസി: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യകപ്പലുകള്‍ക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ.
ലബനനിലെ വെടിനിർത്തലിന്റെ പശ്ചാത്തലത്തിലാണ് ഹോർമുസ് തുറക്കുന്നതെന്നും വെടിനിർത്തല്‍ കാലാവധി അവസാനിക്കുംവരെ തുറന്നുകിടക്കുമെന്നും ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ഇറാന്റെ പോർട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നേരത്തേ നിശ്ചയിച്ച് അറിയിച്ചിട്ടുള്ള പാതയിലൂടെയായിരിക്കണം കപ്പലുകള്‍ സഞ്ചരിക്കേണ്ടതെന്ന് അരാഗ്ചി അറിയിച്ചു. ഇറാന്റെ പ്രഖ്യാപനത്തിനു പിന്നാലെ എണ്ണവില 90 ഡോളറില്‍ താഴെയായി.
വ്യാഴാഴ്ചയാണ് ഇസ്രയേലും ലബനനും പത്തുദിവസത്തെ വെടിനിർത്തല്‍ പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലായിരുന്നു വെടിനിർത്തലുണ്ടായത്.
ഹോർമുസ് തുറന്ന ഇറാന്റെ തീരുമാനത്തെ ഡോണള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ സ്വാഗതം ചെയ്തു. ഇറാന് ട്രംപ് നന്ദി അറിയിച്ചു. അതേസമയം, പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കയുമായി ഇറാൻ കരാറിലെത്തുന്നതുവരെ ഇറാനെതിരായ നാവിക ഉപരോധം പൂർണശക്തിയില്‍ തുടരുമെന്ന് ട്രംപ് അറിയിച്ചു.
സന്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചതായി ഇന്നലെ ട്രംപ് അവകാശപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ ഇറാന്റെ സ്ഥിരീകരണമുണ്ടായിട്ടില്ല. ഇറാന്റെ ആണവപദ്ധതിയാണ് യുഎസ്-ഇറാൻ സമാധാന ചർച്ചയിലെ ഏറ്റവും വലിയ പ്രതിസന്ധി.
ഗള്‍ഫിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്ക് തന്ത്രപ്രധാന കപ്പല്‍പ്പാതയാണ്. ലോകത്തെ 20 ശതമാനം എണ്ണയും പ്രകൃതിവാതകവും കൊണ്ടുപോകുന്നത് ഇതിലൂടെയായിരുന്നു.
പാക്കിസ്ഥാൻ സൈനികമേധാവി ഫീല്‍ഡ് മാർഷല്‍ അസീം മുനിർ വ്യാഴാഴ്ച ഉന്നത ഇറേനിയൻ നേതാക്കളുമായി ടെഹ്റാനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. റവലൂഷണറി ഗാർഡ് ആസ്ഥാനവും മുനീർ സന്ദർശിച്ചു.
യുഎസ്-ഇറാൻ വെടിനിർത്തലിനു മധ്യസ്ഥത വഹിക്കുന്നതു പാക്കിസ്ഥാനാണ്. യുഎസ്-ഇറാൻ രണ്ടാംവട്ട സമാധാന ചർച്ച അടുത്ത ദിവസം പാക്കിസ്ഥാനില്‍ നടക്കും.



