ക്ലാസില്‍ ഗെയിം കളിക്കുന്നത് തടഞ്ഞു; മലയാളി അധ്യാപികയെ ക്രൂരമായി മര്‍ദിച്ച്‌ എട്ടാം ക്ലാസ് വിദ്യാര്‍ഥി

ചെങ്ങന്നൂർ: മാലദ്വീപിലെ സ്കൂളില്‍ എട്ടാംക്ലാസ് വിദ്യാർഥിയുടെ ആക്രമണത്തില്‍ മലയാളി അധ്യാപികയ്ക്ക് പരിക്ക്. ചെങ്ങന്നൂർ തിട്ടമേല്‍ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ. പിള്ളയ്ക്കാണ് (35) മൂക്കിന് ഗുരുതരമായി പരിക്കേറ്റത്.

മാലദ്വീപിലെ ഗധൂ ദ്വീപിലെ ഗഫ് ധാല്‍ അടോള്‍ സ്കൂളില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ക്ലാസെടുക്കുന്നതിനിടെ ലബോറട്ടറിയിലെ കംപ്യൂട്ടറില്‍ ഗെയിം കളിക്കുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിയെ സ്മിത പലതവണ താക്കീത് ചെയ്തിരുന്നു.

എന്നാല്‍ ഇത് കൂട്ടാക്കാതിരുന്നതോടെ വീഡിയോ പകർത്തി പ്രിൻസിപ്പലിനോട് റിപ്പോർട്ട് ചെയ്യുമെന്ന് സ്മിത പറഞ്ഞു. ഇതോടെ, പ്രകോപിതനായ വിദ്യാർഥി സ്മിതയുടെ മുഖത്ത് തുടർച്ചയായി ഇടിക്കുകയുമായിരുന്നുവെന്ന് ഭർത്താവ് ദീപക് പറഞ്ഞു.

ബോധരഹിതയായ ഇവരെ മറ്റ് അധ്യാപകരാണ് ആംബുലൻസില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. മൂക്കിന്റെ എല്ലിന് പൊട്ടലേറ്റിട്ടുള്ള സ്മിതയ്ക്ക് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്.

മാലദ്വീപ് ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ട് സ്മിതയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ദീപക് വ്യക്തമാക്കി. സംഭവത്തില്‍ സ്കൂള്‍ അധികൃതർ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒരു വർഷം മുൻപാണ് സ്മിത ഈ സ്കൂളില്‍ അധ്യാപികയായി ജോലിക്ക് ചേർന്നത്.