പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്
അധികാരങ്ങളും നിയമങ്ങളും ചട്ടങ്ങളും ദൈവത്താൽ സ്ഥാപിക്കപ്പെട്ടതാണ്. യഹോവയായ ദൈവം മോശയുടെ കരങ്ങളിൽ കൊടുത്തത് എഴുതപ്പെട്ട നിയമങ്ങളാണ്. അത്യുന്നതനായവൻ മനുഷ്യരുടെ രാജ്യത്വത്തിന്മേൽ വാഴുകയും അത് തനിക്ക് ബോധിച്ചവന് കൊടുക്കുകയും ചെയ്യുന്നു.
നല്ല നേതൃത്വം ദേശത്ത് പിറന്നു വീഴുന്നത് ജനത്തിന് ആശ്വാസമാണ്. വർഗീയതയും മത വികാരങ്ങളും വൃണപ്പെടുത്തുന്ന ഹാമാൻ നേതൃത്വം അധികാര കസേരയിൽ അള്ളിപ്പിടിച്ച് കയറുമ്പോൾ ദേശം ദുഃഖിക്കും പുരോഗതി പുറം പോക്കിൽ ആവുകയും ചെയ്യും. നമുക്ക് ചുറ്റും ഇന്ന് നടന്നുകൊണ്ടിരിക്കുന്ന അഴിമതിയും, അഴിഞ്ഞാട്ടവും, അക്രമണങ്ങളും എന്നും അരങ്ങേറും. ഇതൊക്കെ നാം കണ്ട് മനം മടുത്തില്ലേ? ഇതിനൊക്കെ മാറ്റങ്ങൾ സംഭവിക്കണമോ?
അമ്മേരിക്കപോലുള്ള ക്രൈസ്തവ രാജ്യങ്ങളിൽ വിശ്വാസികളും, പാസ്റ്റർമാരും ഉന്നതമായ ഗവൺമെൻ്റ് സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. അമ്മേരിക്കയുടെ ഇസ്രയേൽ അംബാസഡർ മൈക്ക് ഹക്കബീ ഒരു മുൻ ഗവർണറും, 12 വർഷം ബാറ്റിസ്റ്റ് ചർച്ചിൻ്റെ പാസ്റ്ററും ആയി താൻ വിശ്വസ്ത ശുശ്രൂഷകൾ ചെയ്തിരുന്നു. ഈ മാന്യദേഹം ഒരു കറകളഞ്ഞ വിശ്വാസിയും മുൻ പ്രസിഡണ്ട് സ്ഥാനാർത്ഥിയും ആയിരുന്നു.
ഇങ്ങനെ എത്രയെത്ര വിശ്വാസികൾ ഗവൺമെൻ്റ് തലത്തിൽ ക്രൈസ്തവ രാജ്യങ്ങളിൽ മന്ത്രി പദങ്ങളും മറ്റും അലങ്കരിക്കുന്നു.
രാജ്യത്തിൻ്റെ ചുക്കാൻ പിടിക്കുവാനും ഇരുട്ടിൻ്റെ അധികാരത്തോട് യുദ്ധം ചെയ്യുവാനും ദൈവം പ്രസാദിക്കുന്ന ദാനിയേൽ, നെഹമ്യാവ് വീരന്മാർ എഴുന്നേൽക്കട്ടെ. ഔദ്യോഗിക പദവികൾ വഹിക്കുവാൻ കൊർന്നല്യോസിനെ പോലുള്ളവർ പുറത്തു വരട്ടെ. ഇത് സംഭവിച്ചാൽ ദേശത്ത് നിന്ന് അയ്യം വിളിയല്ല ആർപ്പ് വിളി ഉയരും. നാം അവരുടെ പക്ഷം ചേരുകയല്ല അവർ നമ്മുടെ പക്ഷം ചേരണം. ആദർശവും, വിശുദ്ധിയും ഉള്ളവർ ജനപ്രതിനിധികളായി ദേശത്തെഴുന്നേറ്റാൽ സ്വർഗ്ഗം അവരുടെ മുമ്പിൽ വാതിൽ അടയ്ക്കുകയില്ല. അവർ സമൂഹത്തിന് നല്ല ഉറവായി മാറും.
ലോകത്തോട് അനുരൂപപെടാതെ ലോകത്തിൻ്റെ കളങ്കം പറ്റാതെ നമ്മുടെ വിശ്വാസവും, പ്രവർത്തികളും ഉയർത്തിക്കാണിക്കുമ്പോൾ ജനം പറയും ഇവൻ ഒരു സാക്ഷാൽ ഇസ്രയേല്ല്യൻ, ഇവനിൽ കപടമില്ല എന്ന്.
ഇല്ലെങ്കിൽ നമ്മുടെ വിശ്വാസ ജീവിതംകൊണ്ട് സമൂഹത്തിന് എന്ത് പ്രയോജനം?
സ്വതന്ത്രമായി ചിന്തിക്കുവാനും, തീരുമാനങ്ങളെടുക്കുവാനും എല്ലാവർക്കും മൗലീക അവകാശങ്ങൾ ഉണ്ട്. ഒരു തികഞ്ഞ വിശ്വാസി എവിടെപ്പോയാലും സാക്ഷ്യം നിലനിർത്തും, സൂക്ഷിക്കും, നല്ല ഫലങ്ങൾ പുറപ്പെടുവിക്കും. ഇരുട്ട് വീണ്ടും നമ്മെ വിഴുങ്ങുന്നു എന്ന് പറഞ്ഞ് സഭാ ഹോളുകളിൽ കിടന്ന് മുഷ്ടിയുദ്ധവും കണ്ഠക്ഷോഭവും നടത്തുത് പൈശചികമാണ്. നമ്മിലുള്ള വെളിച്ചം ഇരുട്ടിൻ്റെ ഇടനാഴിയിൽ ഒരു പ്രകാശഗോപുരം ആയി മാറട്ടെ (മത്തായി 5: 14).
പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്



