കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; ഇന്ധനടാങ്കില്‍ തീപിടിത്തം

മസ്‌കറ്റ്: കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം. വിമാനത്താവളത്തിലെ ഇന്ധനടാങ്കിലാണ് ഡ്രോണ്‍ പതിച്ചത്. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് വലിയ തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ലെന്ന് കുവൈറ്റ് അധികൃതര്‍ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

ഡ്രോണുകളെ പ്രതിരോധിച്ചതായി കുവൈറ്റ് എയര്‍ ഡിഫന്‍സും അറിയിച്ചു.  നിരവധി ഡ്രോണുകളെ എല്ലാ ദിവസവും തങ്ങള്‍ പ്രതിരോധിക്കുന്നുണ്ടെന്നും അതിന്റെ ശബ്ദമാണ് രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും കേള്‍ക്കുന്നതെന്നും അതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കുവൈറ്റ് സംയുക്ത സൈനിക മേധാവി അറിയിച്ചു.

ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് കമ്പനയില്‍ തീപിടിത്തമുണ്ടായതായി ബഹ്‌റൈന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബഹ്‌റൈന്‍ സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.

കിഴക്കന്‍ മേഖലയില്‍ ഏഴ് ഡ്രോണുകളെ പ്രതിരോധിച്ചുവെന്ന് സൗദി അറേബ്യയും അറിയിച്ചു.  ഇറാനില്‍ നിന്ന് വന്ന ഏഴ് ബാലിസ്റ്റിക് മിസൈലുകളേയും 16 ഡ്രോണുകളേയും പ്രതിരോധിച്ചുവെന്ന് യു.എ.ഇയും അറിയിച്ചു.

അതേസമയം, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.  ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ കുടുങ്ങി കിടക്കുന്നത് ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കുടുങ്ങി കിടക്കുന്ന കപ്പലുകളില്‍ ഇന്ത്യക്കാരാണ് ജീവനക്കാരായി ഉള്ളത്. ഇതാണ് നടമ്മുടെ ആശങ്കക്ക് കാരണം.  യുദ്ധം തുടങ്ങിയതിന് ശേഷം ഗള്‍ഫ് രാജ്യങ്ങളുടെ തലവന്‍മാരുമായി രണ്ട് തവണ ഫോണില്‍ സംസാരിച്ചു. യു.എസ്, ഇറാന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളുമായും ചര്‍ച്ച നടത്തിയെന്നും മോദി പറഞ്ഞു. 

മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുകയും ഹോര്‍മുസ് തുറക്കുക എന്നതുമാണ് നമ്മുടെ ലക്ഷ്യം. ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടേയും സമാധാനം പുനഃസ്ഥാപിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഇന്ധനപ്രതിസന്ധിയില്ലെന്നും വിവിധ രാജ്യങ്ങളില്‍ നിന്നായി 62 മെട്രിക് ടണ്‍ പെട്രോളിയം ഉല്‍പന്നം എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ യുദ്ധം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും.