പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്
ഒരിക്കൽ നാം എല്ലാം കൈവശം ഉണ്ട് എന്ന് അവകാശപ്പെട്ടു. രോഗ സൗഖ്യത്തിൻ്റെ വിതരണക്കാർ, സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ സൂക്ഷിക്കുന്നവർ, രക്ഷയുടെ കാവൽക്കാർ, അംഗീകൃത ആരാധനയുടെ ഉടമസ്ഥർ, ഭൂതശാന്തി, രോഗശാന്തി ഇങ്ങനെ നീണ്ടു പോകുന്നു ശാന്തികളുടെ ഉടമസ്ഥർ. ഇന്നിപ്പോൾ ആയുധം നഷ്ടപ്പെട്ട വില്ലാളികളെ പോലെ നാം എത്തിയിരിക്കുന്നു.
ശാന്തിയും സമാധാനവും എവിടേക്കോ ഓടിക്കൊണ്ടിരിക്കുന്നു. പാരമ്പര്യത്തെ വലിച്ചെറിഞ്ഞ പെന്തക്കോസ് സമൂഹത്തിന് പനിപിടിച്ചുവോ? പ്രവാചകന്മാർ തലങ്ങും വിലങ്ങും പട്ടണങ്ങൾ ചുറ്റുന്നു വൃർത്ഥമായിപ്രവചിക്കുന്നു. ഒന്നും സംഭവിക്കുന്നില്ല ചിലരൊക്കെ നിർവൃതിയിൽ ആശ്വാസം കണ്ടെത്തുന്നു. ജഡത്തിൻ്റെ പ്രവർത്തി മരിക്കുന്നില്ല ജാഡകളും ശിംശോന്മാരും ദേശം കയ്യടക്കുന്നു. ഇന്ന് സമ്പത്ത് വർദ്ധിച്ചു സഹിക്കുവാനുള്ള മനസ്സ് എങ്ങോ പോയി മറഞ്ഞു.
ആൾബലം കൂടി ആരാധനയുടെ ആഴം കുറഞ്ഞു. ഇരിപ്പിടങ്ങൾ ഉയർന്നു, ഇരുമ്പു വാതിലുകൾ തുറക്കപ്പെടുന്നില്ല. ആരാധനയും പ്രസംഗങ്ങളും മുഷ്ടിയുദ്ധങ്ങളും കരുത്ത് തെളിയിക്കുന്ന മത്സര വേദികളും ആയി മാറ്റപ്പെട്ടു. ഇത് പെന്തക്കോസ്തിൻ്റെ ദുരന്ത ഭൂമിയത്രേ.
കിളി പോയ കൂട് പോലെ പെന്തക്കോസ്തു മാറിക്കൊണ്ടിരിക്കുന്നു. പൊള്ളയായ വിശ്വാസവും, അനുകരണങ്ങളും പടുത്തുയർത്തി അതിൻ്റെ മറവിൽ കോടികൾ ചരതിക്കുവാൻ ഇറങ്ങിത്തിരിച്ചവർ അനവധി. സുവിശേഷ ലോകത്തെ വിൽപ്പനച്ചരക്കാക്കി വെച്ചുകൊണ്ട് പോക്കറ്റും വയറും നിറയ്ക്കുവാൻ കിതക്കുന്ന ആഖാനും കൂട്ടരും പെന്തക്കോസ്ത് സമൂഹത്തിന് ലജ്ജയാണ്. നമുക്ക് വർണ്ണ ശമ്പളമായ ലേബലുകൾ ഉണ്ട്. എങ്കിലും അകത്ത് വെറും ശൂന്യത തളം കെട്ടിനിൽക്കുന്നു. നാം കൊട്ടിഘോഷിക്കുന്നു വിടുതൽ വിടുതൽ. ഇത് പലപ്പോഴും വട്ടപ്പൂജ്യവും പൂത്ത അപ്പത്തിന് തുല്യവും അത്ര. കേവലം യാന്ത്രികവും നൈമിഷികവുമായ നിർവൃതി നിത്യതയിൽ ആരെയും എത്തിക്കുകയില്ല. യേശുവിൻ്റെ കാലത്ത് ഇറങ്ങിപ്പോയ ഭൂതം രാജ്യം മാറിയപ്പോൾ വീണ്ടും മടങ്ങി വന്നില്ല, കയറിയുമില്ല.
ഇന്ന് പരിശുദ്ധാത്മാവിൻ്റെ മറ പിടിച്ചുകൊണ്ട് ചെയ്തു കൂട്ടുന്ന വചന വിരുദ്ധമായ കൺകെട്ടു വിദ്യകൾ ക്ക് ഉപ്പറപ്പായി ന്യായവിധി ഉണ്ടാകും.
ആത്മഭാരത്തേക്കാളും അക്കൗണ്ടിനെ സ്നേഹിക്കുന്ന സുവിശേഷ മുതലാളിമാർ ദേശത്ത് എഴുന്നേറ്റപ്പോൾ പല വേദികളും മുഷ്ടിയുദ്ധങ്ങൾ നടത്തുന്ന ഗോദകൾ ആയി മാറി. ഇത് നിമത്തം മാനസാന്തരത്തിന് യോഗ്യമായ ഫലം പുറപ്പെടുവിക്കുന്നവരുടെ എണ്ണം കുറയുന്നു. മൗഢ്യതയും മരവിപ്പും പെന്തക്കോസ്തിനെ നീരാളി പോലെ ചുറ്റിപ്പിടിച്ചു.
പ്രവാചകൻ ഇങ്ങനെ പറയുന്നു: കൊയ്ത്തു കഴിഞ്ഞു ഫല ശേഖരവും കഴിഞ്ഞു നാം രക്ഷിക്കപ്പെട്ടതുമില്ല. സ്തംഭനംഎന്നെ പിടിച്ചിരിക്കുന്നു (യിരമ്യാവ് 8 20, 21). പരിശുദ്ധാത്മാവിലേക്കും പരിശുദ്ധ വചനത്തിലേക്കും പെന്തക്കോസ്തു മടങ്ങി വരണം, ഈ പനി മാറുവാൻ.



