ഇസ്രയേല്‍ ആണവകേന്ദ്രത്തിനു നേരെ ഇറാൻ ആക്രമണം; 39 പേര്‍ക്ക് പരിക്ക്

ടെഹ്റാൻ: ഇസ്രയേലിന്റെ ആണവകേന്ദ്രം ഇറാൻ ആക്രമിച്ചതായി റിപ്പോർട്ട്. ഇസ്രയേലിലെ തെക്കൻ നഗരമായ ഡിമോണയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 39 പേർക്ക് പരിക്കേറ്റതായും ആണവ വികിരണമില്ലെന്നും അധികൃതർ വ്യക്തമാക്കി.

24 മണിക്കൂറിനിടെ അഞ്ചാം തവണയാണ് ഡിമോണയില്‍ മിസൈല്‍ ആക്രമണമുണ്ടായത്.

ഷിമണ്‍ പെരസ് നെഗേവ് ന്യൂക്ലിയർ റിസർച്ച്‌ സെന്റർ സ്ഥിതിചെയ്യുന്നത് ഡിമോണയിലാണ്. മിസൈല്‍ ആക്രമണത്തില്‍ ന്യൂക്ലിയർ റിസർച്ച്‌ സെന്ററില്‍ തീപിടുത്തമുണ്ടായെന്ന് റിപ്പോർട്ടുകളുണ്ട്. ആണവവികിരണം സംഭവിച്ചിട്ടില്ലെന്ന് രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) അറിയിച്ചു.

സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് രാജ്യാന്തര ആണവോർജ ഏജൻസി തലവൻ റഫാല്‍ ഗ്രോസി പറഞ്ഞു. ആണവ നിലയങ്ങള്‍ക്ക് സമീപം പരമാവധി സൈനിക നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നതാൻസ് ആണവനിലയത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ മറുപടിയാണിതെന്നും ഇറാൻ പ്രതികരിച്ചു.

ഗള്‍ഫ് മേഖലയിലെ ചരക്ക് കപ്പലുകളെയും യാത്രാക്കപ്പലുകളെയും യുഎസ്, ഇസ്രയേല്‍ സൈന്യങ്ങള്‍ മനഃപൂർവം ലക്ഷ്യം വെക്കുകയാണെന്ന് ഇറാൻ ആരോപിച്ചു. ഇത്തരം ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നല്‍കി.