തിരുവനന്തപുരം:ഡ്യൂട്ടിക്കിടെ യുവ ഡോക്ടർ വന്ദന ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി ജി. സന്ദീപിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി ഒന്നാണ് വിധി പ്രസ്താവിച്ചത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യം തള്ളിയാണ് കോടതി ജീവപര്യന്തം ശിക്ഷാവിധി നടത്തിയത്.
2023 മെയ് 10-ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കാലിന് പരിക്കേറ്റതിനെത്തുടർന്ന് പൂയപ്പള്ളി പോലീസ് ആശുപത്രിയിലെത്തിച്ചതായിരുന്നു സ്കൂള്‍ അധ്യാപകനായ സന്ദീപിനെ. ചികിത്സയ്ക്കിടെ പെട്ടെന്ന് പ്രകോപിതനായ സന്ദീപ്, ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്ന സർജിക്കല്‍ കത്രിക കൈക്കലാക്കി വന്ദന ദാസിനെ തുരുതുരെ കുത്തുകയായിരുന്നു. പോലീസുകാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും ആക്രമിച്ച ശേഷമാണ് പ്രതി വന്ദനയെ ലക്ഷ്യം വെച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച വന്ദനയെ പിന്തുടർന്ന് കുത്തുകയായിരുന്നു.
കേസിന്റെ വിചാരണ വേളയില്‍ നാടകീയമായ വാദപ്രതിവാദങ്ങളാണ് നടന്നത്. സന്ദീപിന് ഗുരുതരമായ മാനസിക പ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും പ്രതിഭാഗം വാദിച്ചു. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും മരുന്ന് കഴിക്കുന്നുണ്ടെങ്കിലും കൃത്യം നടത്തുമ്പോള്‍ അയാള്‍ക്ക് ബോധമുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷൻ തെളിവുകള്‍ സഹിതം വാദിച്ചു. ഒരു അധ്യാപകൻ എന്ന നിലയില്‍ സമൂഹത്തിന് മാതൃകയാകേണ്ടയാള്‍ നടത്തിയ ഈ ക്രൂരതയ്ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ശക്തമായ ആവശ്യം.
കേസില്‍ 70-ലധികം സാക്ഷികളെ വിസ്തരിക്കുകയും 207 രേഖകളും 22 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിർണ്ണായക തെളിവായി. ജീവപര്യന്തം ശിക്ഷയ്‌ക്ക് പുറമെ പ്രതി പിഴയും ഒടുക്കേണ്ടതുണ്ട്. ഒരു ലക്ഷം രൂപയാണ് പിഴ.



