ആര്‍ട്ടെമിസ് 2 ദൗത്യത്തിൻ്റെ പുതിയ വിക്ഷേപണ തിയതി പ്രഖ്യാപിച്ചു

വാഷിങ്ടണ്‍ ഡിസി: പതിറ്റാണ്ടുകള്‍ക്ക് ശേഷം മനുഷ്യന്‍ നടത്തുന്ന ചാന്ദ്രയാത്രയായ ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ പുതിയ വിക്ഷേപണ തിയതി നാസ പ്രഖ്യാപിച്ചു. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഏപ്രില്‍ ഒന്നിനാണ് ആര്‍ട്ടെമിസ് 2 വിക്ഷേപിക്കുക. ഇന്നലെ നടത്തിയ അന്തിമ അവലോകനത്തില്‍ നാസയിലെ വിദഗ്ധര്‍ പേടകം വിക്ഷേപണത്തിന് സജ്ജമാണെന്ന് അറിയിച്ചിരുന്നു. മാര്‍ച്ച് 19ന് റോക്കറ്റിനെയും ഓറിയോണ്‍ പേടകത്തെയും 39ബി ലോഞ്ച് പാഡിലെത്തിക്കും. മറ്റ് തടസങ്ങളില്ലെങ്കില്‍ ഏപ്രില്‍ ഒന്നിന് തന്നെ വിക്ഷേപണം നടക്കുമെന്നും നാസ വ്യക്തമാക്കി.

ആര്‍ട്ടെമിസ് ദൗത്യത്തിന്റെ വിക്ഷേപണം നേരത്തെ പല തവണ മാറ്റിവെച്ചതാണ്. ഏറ്റവുമൊടുവില്‍ മാര്‍ച്ച് ആറിന് നടത്തുമെന്ന് അറിയിച്ചിരുന്ന വിക്ഷേപണം റോക്കറ്റിലെ സാങ്കേതിക തകരാര്‍ കാരണം മാറ്റിവെച്ചിരുന്നു. സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെ അപ്പര്‍ സ്റ്റേജില്‍ ഹീലിയം പ്രവഹിക്കുന്നതിലുള്ള തടസ്സമാണ് അന്ന് പ്രതിസന്ധിയായത്. മാര്‍ച്ചില്‍ പിന്നെ വിക്ഷേപണ സാധ്യതയുള്ള സമയം (ലോഞ്ച് വിന്‍ഡോ) ഇല്ലാത്തതിനാലാണ് ഏപ്രില്‍ ആദ്യം വിക്ഷേപണത്തിന് തീരുമാനിച്ചത്.

1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായി മനുഷ്യനെ ചന്ദ്രനില്‍ ഇറക്കുന്ന ദൗത്യമാണ് ആര്‍ട്ടെമിസ്. ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സെന്‍ എന്നീ നാല് ബഹിരാകാശ സഞ്ചാരികളാണ് പങ്കെടുക്കുക. എന്നാല്‍, ഇവര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി വലംവെച്ച് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തുകയാണ് ചെയ്യുക. ശേഷം വരുന്ന ആര്‍ട്ടെമിസ് 3 ദൗത്യമാണ് മനുഷ്യനെ വീണ്ടും ചന്ദ്രോപരിതലത്തില്‍ ഇറക്കുക.