നമ്മുടെ ഭാഷയും സംസാരവും മനോഹരമാകട്ടെ

ഒരു ബഹുനിലകെട്ടിടത്തിന്റെ പണി നടക്കുകയാണ്. അവിടേക്ക് സാമാന്യം നന്നായി വസ്ത്രം ധരിച്ച ഒരാള്‍ കടന്നുവന്നു. 

അയാള്‍ അവിടെ ആദ്യം കണ്ട തൊഴിലാളിയോട് ചോദിച്ചു: സുഹൃത്തേ, താങ്കള്‍ ഇവിടെ എന്താണ് ചെയ്യുന്നത്  ?  തൊഴിലാളി പരിഹാസത്തോടെ മറുപടി പറഞ്ഞു:  താങ്കള്‍ക്ക് കണ്ണ് കണ്ടുകൂടേ? ഞാന്‍ ഇവിടെ നിന്നും കല്ലുകള്‍ ചുമന്ന് ആ കെട്ടിടം പണിയുന്നിടത്തേക്ക് കൊണ്ടുപോകുന്നു.  അത്രതന്നെ.. 

പിന്നെയും രണ്ട് മൂന്ന് തൊഴിലാളികളോടും അയാള്‍ തന്റെ ചോദ്യം ആവര്‍ത്തിച്ചു:  അവരെല്ലാം നീരസത്തോടെയും പുച്ഛത്തോടെയുമാണ് അയാളുടെ ചോദ്യങ്ങള്‍ക്ക് മറുപടികള്‍ പറഞ്ഞത്. 

പിന്നീട് അയാള്‍ ഈ ചോദ്യം ഒരു സ്ത്രീ തൊഴിലാളിയോടാണ് ചോദിച്ചത്.  അവര്‍ പറഞ്ഞു:  സര്‍, ഞങ്ങളിവിടെ ഒരു ആശുപത്രി പണിയുകയാണ്.  ഈ ഗ്രാമത്തിലും അയല്‍ഗ്രാമത്തിലുമുളള ധാരാളം പേര്‍ക്ക് ഈ ആശുപത്രി വന്നാല്‍ വളരെ സഹായകരമാകും.

അവരുടെ മറുപടിയില്‍ തൃപ്തനായ അയാള്‍ പറഞ്ഞു:  എനിക്കിതറിയാം, കാരണം ഞാനാണ് ഈ ആശുപത്രി നിര്‍മ്മിക്കുന്നത്.   നിങ്ങള്‍ മാത്രമാണ് എന്റെ ചോദ്യത്തിന് അര്‍ഹിക്കുന്ന മറുപടി തന്നത്.  അതുകൊണ്ട് തന്നെ ഈ ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ നല്ലൊരു ജോലി നിങ്ങള്‍ക്ക് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. 

ആ സ്ത്രീക്ക് സന്തോഷമായി.   നമ്മള്‍ മററുളളവരോട് എങ്ങിനെ സംസാരിക്കുന്നു, അത് കേള്‍ക്കുന്നവരിലും തനതായ ഭാവങ്ങള്‍ നല്‍കുന്നുണ്ട്.  നമ്മള്‍ ഹൃദ്യമായും ബഹുമാനത്തോടെയും സംസാരിച്ചാല്‍ അത് കേള്‍ക്കുന്നവര്‍ക്കും സന്തോഷം നല്‍കും. മറ്റുളളവരില്‍ ബഹുമാനമുണ്ടാക്കുകയും സന്തോഷം നല്‍കുകയും ചെയ്യുക എന്നത് ചെറിയ കാര്യമല്ല.. 

ഭാഷയും കമ്യൂണിക്കേഷനും മനോഹരമാകട്ടെ. – ശുഭദിനം.