തെഹ്റാൻ: ഇറാൻ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാറിജാനിയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്.
ഇറാനിലെ തന്ത്രപ്രധാന കേന്ദ്രത്തില്‍ പുലർച്ചെ നടത്തിയ ആക്രമണത്തില്‍ ലാറിജാനി കൊല്ലപ്പെട്ടോ അതോ പരിക്കേറ്റോ എന്ന കാര്യത്തില്‍ ഇസ്രായേല്‍ ഔദ്യോഗികമായി സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇറാൻ ഭരണകൂടവും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി 28-ന് തുടങ്ങിയ ഇറാൻ-ഇസ്രായേല്‍ യുദ്ധം ഇന്ന് 18-ാം ദിവസത്തിലേക്ക് കടക്കുകയാണ്.
ആക്രമണത്തിന് തൊട്ടുമുമ്പായി തിങ്കളാഴ്ച ലാറിജാനി മുസ്ലിം രാഷ്ട്രങ്ങള്‍ക്കായി ഒരു സന്ദേശം നല്‍കിയിരുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും അധിനിവേശത്തില്‍ ഇറാൻ ഒറ്റപ്പെടുമ്പോള്‍ എന്തുകൊണ്ടാണ് മുസ്ലിം രാജ്യങ്ങള്‍ തങ്ങളെ പിന്തുണയ്ക്കാത്തതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയും നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട സാഹചര്യം അദ്ദേഹം തന്റെ കുറിപ്പില്‍ പരാമർശിച്ചു.
യുദ്ധം ആഴ്ചകള്‍ പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം ആഗോള ഊർജ്ജ വിതരണ ശൃംഖലയെ തകർത്തു. ഇതിനെത്തുടർന്ന് എണ്ണവില കുതിച്ചുയരുകയും പണപ്പെരുപ്പത്തിന് കാരണമാവുകയും ചെയ്തു. ഇറാനിലും ലബനനിലുമായി ആയിരക്കണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകള്‍. ഇസ്രായേല്‍ തങ്ങളുടെ വ്യോമാക്രമണങ്ങള്‍ തെഹ്റാനിലും ലബനനിലും ശക്തമാക്കിയിരിക്കുകയാണ്. ഇറാൻ തരിച്ചടിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ മേഖല അതീവ ജാഗ്രതയിലാണ്.



