ഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധം കപ്പല്‍ ഗതാഗതത്തിന് വന്‍ ഭീഷണിയാകുന്നു. ഇറാഖി സമുദ്രാതിര്‍ത്തിയില്‍ അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ‘സേഫ്സീ വിഷ്ണു’ എന്ന എണ്ണക്കപ്പലിന് നേരെ ഇറാന്‍ നടത്തിയ ചാവേര്‍ ബോട്ട് ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു.
ഖോര്‍ അല്‍ സുബൈര്‍ തുറമുഖത്തിന് സമീപമാണ് ഈ ദാരുണ സംഭവം നടന്നത്.
സ്ഫോടകവസ്തുക്കള്‍ നിറച്ച ബോട്ട് ഉപയോഗിച്ച് കപ്പലിനെ ഇടിപ്പിച്ചു തകര്‍ക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കപ്പലിലുണ്ടായിരുന്ന ബാക്കി 27 ജീവനക്കാരെയും സുരക്ഷിതമായി ബസറയിലേക്ക് മാറ്റി.
മാര്‍ഷല്‍ ഐലന്‍ഡ്സ് പതാകയ്ക്ക് കീഴില്‍ സര്‍വീസ് നടത്തുന്ന ഈ കപ്പല്‍ അമേരിക്കന്‍ ഉടമസ്ഥതയിലുള്ളതാണ്. 2007-ല്‍ നിര്‍മ്മിച്ച ഈ ക്രൂഡ് ഓയില്‍ ടാങ്കറിന് 228 മീറ്ററിലധികം നീളമുണ്ട്.ലോകത്തെ കപ്പല്‍ ജീവനക്കാരില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരായതിനാല്‍, പശ്ചിമേഷ്യയിലെ ഇത്തരം ആക്രമണങ്ങള്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വലിയ ഭീഷണിയാകുന്നു.
ഇന്ത്യ ശക്തമായി ഇതില്‍ ഇടപെടണമെന്നും ആക്രമണത്തെ അപലപിക്കണമെന്നും കപ്പല്‍ കമ്പനിയായ ‘സേഫ്സീ’ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.



