കൊളംബോ : ഇറാനിയൻ യുദ്ധക്കപ്പലായ ഐ ആർ ഐ എസ് ദേനയെ അമേരിക്കൻ അന്തർവാഹിനി തകർത്ത് 87 നാവികർ കൊല്ലപ്പെട്ടതിന് പിന്നാലെ, മറ്റൊരു ഇറാനിയൻ യുദ്ധക്കപ്പല്‍ കൂടി ശ്രീലങ്കൻ തീരത്തേക്ക് അടുക്കുന്നു.
വ്യാഴാഴ്ചയാണ് രണ്ടാമത്തെ കപ്പല്‍ ശ്രീലങ്കയുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവേശിച്ചത്. നൂറിലധികം ക്രൂ അംഗങ്ങളുള്ള കപ്പല്‍ നിലവില്‍ ശ്രീലങ്കൻ സമുദ്രാതിർത്തിക്ക് തൊട്ടുപുറത്താണെന്ന് ലങ്കൻ മന്ത്രി നളിന്ദ ജയതിസ്സ സ്ഥിരീകരിച്ചു. കപ്പല്‍ അടിയന്തരമായി തീരമടുപ്പിക്കാൻ അനുമതി തേടിയിട്ടുണ്ടെങ്കിലും സർക്കാർ നിലവില്‍ അനുമതി നല്‍കിയിട്ടില്ല.
കഴിഞ്ഞ ദിവസം ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന സൈനികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന ഐ ആർ ഐ എസ് ദേനയെയാണ് അമേരിക്കൻ സൈന്യം ടോർപ്പിഡോ ഉപയോഗിച്ച് തകർത്തത്. ഗാലെ നഗരത്തിന് സമീപം തകർന്ന കപ്പലിലെ 60 ഓളം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. രക്ഷപ്പെടുത്തിയ 32 ഇറാനിയൻ നാവികർ ഗാലെയിലെ ആശുപത്രിയില്‍ കനത്ത സുരക്ഷയില്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ട 87 പേരുടെ മൃതദേഹങ്ങള്‍ കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
അതിനിടെ, അന്താരാഷ്ട്ര സമുദ്രാതിർത്തിയില്‍ വെച്ച് അതിക്രമം കാണിച്ച അമേരിക്ക വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്കി. ഇതിന് പിന്നാലെ അമേരിക്കൻ-ഇസ്റാഈല്‍ താവളങ്ങള്‍ക്ക് നേരെ ഇറാൻ പുതിയ ആക്രമണ പരമ്പരകള്‍ ആരംഭിച്ചിട്ടുണ്ട്.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ ശനിയാഴ്ചയാണ് അമേരിക്കയും ഇസ്റാഈലും സംയുക്തമായി ഇറാന് നേരെ സൈനിക നീക്കം തുടങ്ങിയത്. ഇറാനിലെ ഭരണം അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ കപ്പലിന് അനുമതി നല്കുന്ന കാര്യത്തില്‍ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഉന്നതതല യോഗം വിളിച്ച് ചർച്ച നടത്തിവരികയാണ്.



