ഇറാൻ നാവികസേനയുടെ യുദ്ധക്കപ്പല്‍ ശ്രീലങ്കൻ തീരത്തില്‍ മുങ്ങി; 35 പേരെ രക്ഷപ്പെടുത്തി,രക്ഷാപ്രവര്‍ത്തനം തുടരുന്നു

കൊളംബോ: ഇറാൻ നാവിക സേനയുടെ കപ്പല്‍ ശ്രീലങ്കൻ തീരത്തിന് സമീപം കടലില്‍ മുങ്ങി. ശ്രീലങ്കയുടെ തെക്കുകിഴക്കൻ തുറമുഖമായ ഗാലെയില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ മുങ്ങിയത്.

180 പേരുണ്ടായിരുന്ന കപ്പലില്‍ നിന്ന് 35 പേരെ ശ്രീലങ്കൻ നാവിക സേന രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇറാൻ നാവിക സേനയുടെ ഫ്രിഗേറ്റ് വിഭാഗത്തില്‍ വരുന്ന ദേന എന്ന യുദ്ധക്കപ്പലാണ് മുങ്ങിയത്.

കപ്പലില്‍ നിന്ന് അപായസന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ശ്രീലങ്ക നാവികസേന രക്ഷാപ്രവർത്തനത്തിന് അയച്ചത്. നാവികസേനയ്ക്ക് പുറമെ വ്യോമസേനയും രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തു.

ഇറാനെതിരെ യുഎസും ഇസ്രയേലും സംയുക്തമായി ആക്രമണം നടക്കുന്നതിനിടെയാണ് സംഭവം. ഇറാന്റെ നാവികസേനയെ ആക്രമിച്ചതായി യുഎസ് പ്രസിഡന്റ് വെളിപ്പെടുത്തിയിരുന്നു. നിരവധി ഇറാൻ യുദ്ധക്കപ്പലുകളെ തകർത്തതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു.

ശ്രീലങ്ക ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണെന്നും, അന്താരാഷ്ട്ര സമുദ്രനിയമങ്ങള്‍ അനുസരിച്ച്‌ തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനും അവരുടെ കടമ നിറവേറ്റിക്കൊണ്ടിരിക്കുകയാണെന്നും നാവികസേനാ വക്താവ് ബുദ്ധിക സമ്ബത്ത് വ്യക്തമാക്കി.