ദുബായിലെ യുഎസ് സൈനിക കേന്ദ്രവും ഓസ്ട്രേലിയന്‍ വ്യോമത്താവളവും ആക്രമിച്ച് ഇറാന്‍

പരമോന്നത നേതാവ് ഖമനയിയുടെ മരണത്തിന് പിന്നാലെ ഇസ്രയേലിലും മധ്യപൂര്‍വ ദേശത്തും പരക്കെ ആക്രമണം നടത്തുകയാണ് ഇറാന്‍. ഇതില്‍ തന്നെ യുഎഇയിലേക്കാണ് വലിയ അളവില്‍ മിസൈലുകളും ഡ്രോണുകളും എത്തുന്നത്. ദുബായിലെ യുഎസ് സൈനിക കേന്ദ്രവും ഓസ്ട്രേലിയയുടെ സൈനികത്താവളവും ഇറാന്‍ ആക്രമിച്ചുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.  അല്‍ മിനാദ് വ്യോമത്താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ഓസ്ട്രേലിയന്‍ പ്രതിരോധമന്ത്രി റിച്ചര്‍ഡ് മാര്‍ലെസ് പറഞ്ഞു. ഡ്രോണ്‍ ആക്രമണമാണ് ഉണ്ടായതെന്നും സൈനികര്‍ക്കാര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയായിട്ടാണ്  അല്‍ മിനാദ് വ്യോമത്താവളം സ്ഥിതി ചെയ്യുന്നത്. നൂറോളം പ്രതിരോധ ഉദ്യോഗസ്ഥരാണ് മധ്യപൂര്‍വ ദേശത്ത് മാത്രമുള്ളതെന്നും യുഎഇയിലാണ് ഏറ്റവുമധികം ആളുകള്‍ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021 ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതിന് ശേഷം വളരെ ചെറിയ അളവില്‍ മാത്രമാണ് സൈനികരെ ഇവിടെ നിയമിച്ചിട്ടുള്ളത്. 2003 മുതലാണ് അല്‍മിനാദ് പ്രവര്‍ത്തനം ആരംഭിച്ചത്. 2019 ലും അല്‍മിനാദിലെ വ്യോമത്താവളത്തില്‍ മൂന്ന് റോക്കറ്റുകള്‍പതിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ അമേരിക്കയ്ക്കും ഇസ്രയേലിനുമൊപ്പം നില്‍ക്കുമെന്നും നിലവിലെ സംഘര്‍ഷം എത്രനാള്‍ തുടരുമെന്ന് പറയാന്‍ കഴിയില്ലെന്നും മാര്‍ലെസ്  പറഞ്ഞു. 

യുഎസ് സൈനിക കെട്ടിടത്തിന് സാരമായ നാശമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദുബായ്ക്ക് പുറമെ ഖത്തര്‍, ബഹ്റൈന്‍, ജോര്‍ദന്‍, കുവൈത്ത് തുടങ്ങി യുഎസ് സൈനികത്താവളങ്ങള്‍ ഉള്ള സ്ഥലങ്ങളിലെല്ലാം ഇറാന്‍ ആക്രമണം തുടരുകയാണ്. മധ്യപൂര്‍വദേശത്തെ 13 സൈനികത്താവളങ്ങളില്‍ മാത്രമായി 40,000 വരെ യുഎസ് സൈനികരുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുവൈത്തിലെ യുഎസ് എംബസി തകര്‍ത്തുവെന്നും ഇതുവരെയുള്ള ആക്രമണങ്ങളില്‍ അഞ്ഞൂറിലേറെ യുഎസ് സൈനികരെ വധിച്ചുവെന്നുമാണ് ഇറാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ആറു സൈനികരുടെ മരണം മാത്രമാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.