പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്
സഭാ തലത്തിൽ നടക്കുന്ന രാഷ്ട്രീയ കളികളും, പാനലുകളും, വോട്ടു പിടുത്തവും ദൈവീകമാണോ? നമ്മുടെ വിശ്വാസ സമൂഹത്തിലും, നേതൃത്വ സ്ഥാനങ്ങളിലും നടക്കുന്ന കസേരകളി മത്സരം അവസാനിപ്പിച്ചിട്ട് പൊതു രാഷ്ട്രീയം വേണ്ട എന്ന് പറയുന്നത് നന്നായിരിക്കും. ഇന്നുള്ള നമ്മുടെ പ്രവർത്തികൾ നമ്മെ നിത്യതയിൽ അവനോടൊപ്പം ഇരുത്തുമെന്ന് എന്തുറപ്പാണ് നൽകുന്നത്.
മനുഷ്യർ ഇവിടെ നമ്മെ വാനോളം പുകഴ്ത്തുമായിരിക്കും. എന്നാൽ അവിടെ നമുക്ക് പുകഴ്ച ലഭിക്കുമോ? ഇന്നുള്ള പെന്തക്കോസ്ത് സഭകളിൽ അധികവും ഒന്നുകിൽ തെരഞ്ഞെടുപ്പ് മത്സരം, അല്ലെങ്കിൽ ഏകാധിപത്യം. ഞാൻ സ്ഥാപിച്ചു, ഞാൻ തുടങ്ങി, ഞാൻ പറയുന്നു, ഞാൻ നടത്തുന്നു, എല്ലാം ഞാനാണ്. ദൈവദാസന്മാർ എന്നു പറയുന്ന പലരും മുതലാളി കുപ്പായം അല്ലയോ ധരിക്കുന്നത്? ഇന്നുള്ള ന്യൂജൻ സഭകൾ ഇതിനൊക്കെ ഒരു ദൃഷ്ടാന്തമാണ്. യേശു ഹീന വേഷവും, ദാസ വേഷവുമെടുത്തു എന്നു പറയുമ്പോഴും നമ്മുടെ മേൽക്കോയ്മ നമ്മൾ അടിച്ചേൽപ്പിക്കുകയല്ലയോ ചെയ്യുന്നത്?
പല പ്രസ്ഥാനങ്ങളിലും തിരുവായ്ക്ക് എതിർ വായ് ഇല്ല. സമ്മതിച്ചു കൊള്ളുക, ദശാംശം തന്നുകൊള്ളുക, സ്തോത്രകാഴ്ച ഇട്ടു കൊള്ളുക, പൊയ്ക്കൊള്ളുക. പണമുള്ളവനെ പൊന്നാട അണീക്കുകയും, പട്ടിണിക്കാരന് പഴന്തുണി പോലും കൊടുക്കാതെ അകറ്റി നിർത്തുകയും ചെയ്യുന്ന സമൂഹമായോ നാം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കോടികൾ ചിലവഴിച്ച് വോട്ട് പിടിക്കുന്നു, കസേര ഉറപ്പിക്കുന്നു, തലങ്ങും, വിലങ്ങും പറക്കുന്നു. ഇതൊക്കെ ചെയ്തു കൂട്ടുന്നത് ആത്മഭാരം കൊണ്ടോ? ദൈവം ലോകത്തിൽ സ്വന്തം സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുവാൻ ആരോടും പറഞ്ഞിട്ടില്ല. സഭ എന്നു പറയുന്ന വേർതിരിക്കപ്പെട്ടവരുടെ കൂട്ടത്തിൽ വേദപുസ്തകത്തിൻ്റെയും മതത്തിൻ്റേയും മറവിൽ ധനസമ്പാദനവും, അധികാരവും ലക്ഷ്യമിട്ടറങ്ങുന്ന സുവിശേഷ വേല സ്വർഗ്ഗത്തിന് പ്രസാദമോ?
സമ്പത്തുകളുടെ അപഹാരം സന്തോഷത്തോടെ സഹിച്ചവരുടെ തലമുറകൾക്ക് എങ്ങനെ സുവിശേഷവേലയുടെ പേരിൽ കോടികൾ പിരിച്ച് പത്തായത്തിൽ അടക്കുവാൻ സാധിക്കും? സ്വന്തം പേരിൽ സാമ്രാജ്യങ്ങൾ പടുത്തുയർത്തി നെപ്പോളിയനെ പോലെ എങ്ങനെ അഭിനയിക്കുവാൻ കഴിയും? ടിപ്പുസുൽത്താൻ്റെ കോട്ടകൾക്ക് തതുല്യമായ മതിൽക്കെട്ടിനുള്ളിൽ സാമ്രാജ്യങ്ങൾ പടുത്തുയർത്തുകയും, കാവൽക്കാരെ നിർത്തുകയും ചെയ്യുന്ന നാം എന്താണ് ലോകത്തോട് വിളിച്ചു പറയുന്നത്? ഒരുപക്ഷേ ഇങ്ങനെയായിരിക്കും. നാം വേർതിരിക്കപ്പെട്ടവർ എന്ന ലോകത്തോട് പറയുന്നത്.
ഇന്നത്തെ പല സുവിശേഷവേലകളും പഞ്ചനക്ഷത്ര വേലകളാണ്. പരിശുദ്ധാത്മാവിൻ്റെ വേലയുമായി പുലബന്ധം ഉണ്ടോയെന്ന് വിലയിരുത്തണ്ടിയിരിക്കുന്നു. ഇതെല്ലാം കണ്ടും, കേട്ടും മനം മടുത്തു. സാധാരണക്കാരായ വിശ്വാസികൾ ദൈവമേ രക്ഷിക്കണമേ ഭക്തന്മാർ കുറഞ്ഞു പോകുന്നു എന്ന് പ്രാർത്ഥിച്ചു കൊണ്ട് ദിനങ്ങൾ തള്ളി നീക്കുന്നു.



