മുന്‍കൂട്ടി കാണാന്‍ കഴിയുന്ന പ്രശ്‌നങ്ങളെ മാത്രമാണ് മുന്‍കരുതലെടുത്ത് ചെറുക്കാനാകുക

പ്രസിദ്ധനായ ഒരു എഴുത്തുകാരന്റെ പ്രതിമയാണ് ആ ശില്പി നിര്‍മ്മിച്ചത്. പ്രതിമ പൂര്‍ത്തിയാകാന്‍ നീണ്ട നാളത്തെ പരിശ്രമം ആവശ്യമായി വന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്കായി ആദ്യപ്രദര്‍ശനം നടത്താന്‍ അയാള്‍ തീരുമാനിച്ചു. ക്ഷണിക്കപ്പെട്ടവരുടെ മുമ്പില്‍ തന്റെ പണിപ്പുരയുടെ വാതില്‍ തുറന്ന അയാള്‍ ഞെട്ടിത്തരിച്ചു.

തലേ ദിവസത്തെ അതിശക്തമായ കാറ്റിലും മഴയിലും പെട്ട് ആ കളിമണ്‍പ്രതിമ വെറും ചെളിക്കട്ടയായി മാറിയിരുന്നു.

നിരാശയോടെയും വേദനയോടെയും അദ്ദേഹം കരഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു: ആ കുഴഞ്ഞ മണ്ണില്‍ സൂക്ഷിച്ചുനോക്കിയാല്‍ എഴുത്തുകാരന്റെ രൂപം കാണാം. ഇതൊരു അമൂര്‍ത്ത ശില്പമാണ്. ഇതാണ് താങ്കളുടെ മാസ്റ്റര്‍ പീസ്.

ഇത് കേട്ട് അയാളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. പ്രയത്‌നങ്ങളെ ഇല്ലാതാക്കുന്ന പ്രശ്‌നങ്ങളെ എപ്പോഴും പ്രതിരോധിക്കാനാകില്ല. മുന്‍കൂട്ടി കാണാന്‍ കഴിയുന്ന പ്രശ്‌നങ്ങളെ മാത്രമാണ് മുന്‍കരുതലെടുത്ത് ചെറുക്കാനാകുക. അല്ലാത്തവ ഒരു നിമിഷം കൊണ്ട് തകര്‍ന്നു പോകും. തുടര്‍നടപടികളുടെ സൃഷ്ടിപരത മാത്രമാണ് പിന്നീടുളള സാധ്യത.

ഉയര്‍ച്ചയും തകര്‍ച്ചയും എപ്പോഴും സംഭവിക്കാം. ഉയരുമ്പോള്‍ അതിസ്വാഭാവികമായി ആന്ദിക്കുകയോ തകരുമ്പോള്‍ അനാവശ്യമായി ആകുലപ്പെടുകയും ചെയ്യുന്ന ശീലത്തില്‍ നിന്നു പുറത്തുകടക്കാന്‍ ശ്രമിക്കാം..

സമനിലയുടെ തീരങ്ങള്‍ സ്വയം കണ്ടെത്താം

– ശുഭദിനം