വാഷിംഗ്ടണ്‍ ഡിസി: യുഎസിലെ ജോർജിയയിലുള്ള ഗെയിൻസ്വില്ലില്‍ തിരക്കേറിയ റോഡില്‍ വിമാനം ഇറക്കുന്നതിനിടെ വാഹനങ്ങളുമായി കൂട്ടിയിടിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. എൻജിൻ തകരാറിനെത്തുടർന്ന് റോഡിലിറക്കിയ വിമാനം നിരവധി കാറുകളുമായി ഇടിച്ചെങ്കിലും നിസാര പരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെട്ടു.
ഗെയിൻസ്വില്ലയിലെ ലീ ഗില്‍മർ മെമ്മോറിയല്‍ വിമാനത്താവളത്തില്‍ നിന്ന് കാന്റണിലെ ചെറോക്കി കൗണ്ടി റീജണല്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്.
പറന്നുയർന്ന ഉടൻ എൻജിൻ തകരാർ ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് തിരികെ ഇറക്കാൻ ശ്രമിച്ചെങ്കിലും റണ്‍വേയില്‍ എത്താൻ കഴിയാത്തതിനാലാണ് റോഡില്‍ ഇറക്കിയത്. അപകടത്തെ തുടർന്ന് റോഡ് അടച്ചിടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.



