ബെംഗളൂരു: കാനഡയില്‍ ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചു. ബംഗളൂരു നെലമംഗല സ്വദേശി ചന്ദൻ കുമാർ രാജ നന്ദകുമാർ (37) ആണ് കൊല്ലപ്പെട്ടത്.
ടെക് പ്രൊഫഷണലായ ചന്ദൻ ടൊറന്റോയിലെ തിരക്കേറിയ ഷോപ്പിംഗ് സെന്ററിന് പുറത്ത് കാറില്‍ ഇരിക്കുമ്പോളാണ് അജ്ഞാതർ വെടിയുതിർത്തത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് എറ്റോബിക്കോക്കിലെ വുഡ്‌ബൈൻ ഷോപ്പിംഗ് സെന്ററിന്റെ പാർക്കിംഗ് സ്ഥലത്താണ് സംഭവം നടന്നത്.
സ്ഥലത്തെത്തിയ പൊലീസ് ചന്ദനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറില്‍ നിരവധി വെടിയുണ്ടകള്‍ തറച്ച പാടുകളുണ്ട്. കരുതിക്കൂട്ടി ചെയ്ത കൊലപാതകമാണിതെന്നാണ് ടൊറന്റോ പൊലീസിന്റെ പ്രാഥമിക നിഗമനം. എല്‍ടിഐ മൈൻഡ്ട്രീ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ചന്ദൻ ആറുവർഷം മുമ്പാണ് കാനഡയിലേക്കെത്തിയത്. ബംഗളൂരു സപ്തഗിരി കോളേജില്‍ നിന്നായിരുന്നു ബിരുദം പൂർത്തിയാക്കിയത്. ബംഗളൂരുവില്‍ നിന്ന് 47കിലോമീറ്റർ അകലെയുള്ള ത്യാമഗൊണ്ട്ലുവെന്ന കൊച്ചുഗ്രാമത്തിലാണ് ചന്ദന്റെ കുടുംബം. ഏക മകനായിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ചന്ദൻ വിളിച്ചിരുന്നുവെന്നും അവധിക്ക് നാട്ടിലെത്തിയാല്‍ വിവാഹം കഴിക്കാമെന്ന് ഏറ്റിരുന്നതായും പിതാവ് നന്ദകുമാർ പറഞ്ഞു. കാനഡയില്‍ കന്നഡ അസോസിയേഷൻ രൂപീകരിക്കാനുള്ള ചന്ദന്റെ ശ്രമങ്ങളാണോ കൊലപാതകത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ സംശയിക്കുന്നുണ്ടെങ്കിലും പൊലീസ് അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ടൊറന്റോ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ വർഷം ടൊറന്റോയില്‍ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊലപാതകമാണിത്.
ബെംഗളൂരുവിലെ സപ്തഗിരി കോളേജില്‍ നിന്ന് കമ്പ്യൂട്ടർ സയൻസില്‍ ബിരുദം നേടിയ അദ്ദേഹം വിദേശത്തേക്ക് പോകുന്നതിനുമുമ്പ് തുടക്കത്തില്‍ ഇന്ത്യയില്‍ ജോലി ചെയ്തിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്.
അന്ത്യകർമങ്ങള്‍ക്കായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ സഹായം വേണമെന്ന് അദ്ദേഹത്തിന്റെ പിതാവ് കേന്ദ്രസർക്കാറിനോട് അഭ്യർത്ഥിച്ചു.



