പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

ആരൊക്കെയോ നിയമസഭയിലേക്ക് മത്സരിക്കുന്നു എന്ന് കേട്ടപ്പോൾ ചെകുത്താൻ കുരിശ് കണ്ടതുപോലെ ചില പെന്തക്കോസ്തുകാർ എന്തിന് വിറളി പിടിക്കുന്നു. ഒരു പക്ഷേ രാഷ്ട്രീയം എന്ന പദം ആയിരിക്കും ഇവരിൽ ദഹനക്കേട് ഉളവാക്കുന്നത്. എന്തുകൊണ്ട് കേരളത്തിൻ്റെ മന്ത്രി, എം എൽ എ പദം ഒരു വിശ്വാസിക്ക് അലങ്കരിച്ചു കൂടാ? ഇതിൽ എന്തെങ്കിലും അയിത്തം ആരെങ്കിലും കൽപ്പിച്ചിട്ടുണ്ടോ? ഇവർ നരകയോഗ്യരായി തീർന്നു എന്ന് ചിന്തിക്കുന്നുവെങ്കിൽ അത് വെറും അബദ്ധമാണ്.
യഥാർത്ഥ അഭിഷേകവും, ആരാധനയും സമൂഹത്തിൽ പൊതു സ്ഥാനമാനങ്ങൾ വഹിക്കുമ്പോൾ ചോർന്ന് പോകുന്നതല്ല. ദലീലയുടെ മടി ഒഴിഞ്ഞു മാറുന്നവർക്കും, നയമാൻ്റെ വണ്ടിയുടെ പുറകെ പായാതെയും ഇരിക്കുന്നവന് ലോകത്തെ ഭയപ്പെടേണ്ട ആവശ്യമില്ല. അവർ വെട്ടിത്തിളങ്ങുന്നതും, കാണ്മാൻ ഭംഗിയുള്ളതും എടുത്ത് വിദേശ ബാങ്കുകളിൽ പൂഴ്ത്തി വെക്കില്ല. കൃപ പ്രാപിച്ച ദൈവ മക്കൾ, ദൈവം നൽകിയ താലന്തുകൾ ദേശത്തിൻ്റെ നന്മയ്ക്കും സമൂഹത്തിൻ്റെ വളർച്ചയ്ക്കും ഉപയോഗിക്കേണ്ടത് ആവശ്യം അത്രേ.
ദൈവ മക്കൾ മന്ത്രി, എം പി സ്ഥാനങ്ങൾ വഹിച്ചാൽ സ്വർഗ്ഗത്തിൽ പോകത്തില്ല എന്ന് തിരുവചനം പറയുന്നില്ല. എന്തിനീ പൊള്ളത്തരം? എന്തിനീ കാപട്യം?. ബാബിലോണിൽ പാർക്കുമ്പോഴും ബാബിലോൺ അകത്തു കയറാതെ സൂക്ഷിക്കുന്ന യോസഫ്മാർ ആഗോള തലത്തിൽ എഴുന്നേൽക്കുമ്പോൾ ദൈവരാജ്യം അതിൽ കൂടി വിശാലമാകും. ഫറവോൻ്റെ ആധിപത്യം ദേശത്ത് നൃത്തം ചവിട്ടുമ്പോൾ ഐയ്യം വിളിച്ച് പരിഭവം പുലമ്പുകയല്ല വേണ്ടത്, എഴുന്നേറ്റ് തോൽപ്പിക്കുന്നതാണ് നമ്മുടെ ദൗത്യം.
ഭൂമിയിൽ പാർക്കുന്ന നമുക്ക് ലഭിക്കേണ്ടതായ അർഹതപ്പെട്ട അവകാശങ്ങൾ ലഭിക്കാതെ വരുമ്പോൾ അത് തിന്മയായി മാറും. ഗവൺമെൻ്റ് തലത്തിലുള്ള വിവേചനത്തിനും ധൂർത്തിനും അഴിമതിക്കും അധാർമികതയ്ക്കും വിരാമം കുറിക്കണമെങ്കിൽ പ്രാർത്ഥന മാത്രം പോരാ, ശക്തന്മാരായ വിശ്വാസികൾ ദേശത്തിൻ്റെ ഉന്നത സ്ഥാനങ്ങളിൽ എത്തിപ്പെടണം. ഇങ്ങനെയുള്ള മുത്തുകളെ കണ്ടെത്തി അവരെ പ്രചോദിപ്പിച്ച് ദൈവദാസന്മാർ പ്രാർത്ഥിച്ച് അയക്കുന്നത് ദേശത്തിന് സൗഖ്യമായി മാറും.
വിശ്വാസത്തിൽ സ്ഥിരതയുള്ളവരും, ദൈവീക സത്യങ്ങൾക്ക് ചുമൽ കൊടുക്കുന്നവരും ഗവൺമെൻ്റിൻ്റെ നായക സ്ഥാനത്തേക്ക് അവരോധിക്കപ്പെടുമ്പോൾ ദേശത്ത് പുഴ പോലെ ഒഴുകുന്ന അശുദ്ധിയുടെയും, അരാജകത്വത്തിൻ്റെ യും പ്രളയം അവസാനിക്കും.
ഇരുട്ടിൽ വസിക്കുന്ന ജനം ആ പ്രകാശം കാണും, ഇരുൾ ഓടി ഒളിക്കും.
വിശ്വാസ ഗോളത്തിൽ നിന്ന് ചുണക്കുട്ടന്മാരായ യുവതി യുവാക്കന്മാർ പ്രസിഡണ്ട് പദം തുടങ്ങി പരമോന്നത നീതി ന്യായപീഠം വരെയും ലോക്കൽ – സിറ്റി തലത്തിലുള്ള സർക്കാർ സ്ഥാപനങ്ങളിൽ ഉന്നതമായ ഔദ്യോഗിക പദം അലങ്കരിക്കുന്നത് ഒരു മഹത്തായ കാര്യമത്രേ. കലർപ്പില്ലാത്ത ജീവിതം നയിക്കുന്നവരും അശുദ്ധിക്ക് എതിരെ പ്രതികരിക്കുന്നവരും മനസ്സാക്ഷി കാത്തുസൂക്ഷിക്കുന്നവരും നിയമസഭകളിലും, രാജ്യസഭകളിലും മറ്റു ഔദ്യോഗിക സ്ഥാനങ്ങളിലും കടന്നു ചെല്ലുമ്പോൾ ബാബിലോണ്യ ശക്തി മുട്ടു മടക്കും.
ദൈവം മനുഷ്യനെ കുറിച്ച് ആഗ്രഹിക്കുന്നത് ക്രിസ്തുവിൻ്റെ പ്രതിബിംബങ്ങൾ ആയി നാം ലോകത്തിൽ പ്രകാശിക്കണം. ക്രിസ്തുവിൻ്റെ സ്നേഹം നമ്മുടെ പ്രവർത്തികളിലൂടെ മറ്റുള്ളവർ അറിയണം, പ്രവർത്തിയില്ലാത്ത വിശ്വാസം വെറും പൊള്ളയത്രേ.
സഭയെ ബാബിലോണിലേക്ക് ആരും കൊണ്ടുപോകുന്നില്ല. സഭ ഇന്ന് ബാബിലോണിലാണ് ഉള്ളത്. വസ്ത്രം വെള്ളയായി സൂക്ഷിക്കുകയും, കപ്പലിൽ വെള്ളം കയറാതെയും സൂക്ഷിക്കുന്ന വിശുദ്ധന്മാരിൽ കൂടി ദൈവത്തിനു ദേശത്തെ ചലിപ്പിക്കുവാൻ കഴിയും. ഏത് അധികാരവും ദൈവത്താൽ സ്ഥാപിതമാണ്. രാജാക്കന്മാരെ വാഴിക്കുകയും നീക്കുകയും ചെയ്യുന്നത് ദൈവമത്രേ. പിന്നെ എന്തിനീ പരിഭവം? ഏതു സ്ഥാനത്ത് എത്തിപ്പെട്ടാലും നെബുക്കദ്നേസർ ഭാവം ഉള്ളിൽ കടക്കാതെ, നെഹമ്യാവിൻ്റെ ഹൃദയത്തോടെ ഇടിഞ്ഞു പോയതിനെ പണിതെടുക്കുവാൻ കരങ്ങൾ ചലിപ്പിക്കുന്നുവെങ്കിൽ നിശ്ചയമായും ദൈവം അതിൽ പ്രസാദിക്കും. നമ്മുടെ ദൈവത്തിന് മുഖപക്ഷം ഇല്ലല്ലോ.
നമ്മുടെ വിളിയും, തെരഞ്ഞെടുപ്പും വേറെയാണെന്ന് പുലമ്പി അത് മറ്റാരെങ്കിലും ചെയ്യട്ടെ എന്ന് പറഞ്ഞുകൊണ്ട് ഉലകം ചുറ്റിയാൽ സോദോമ്യ പാപം നദി പോലെ ഒഴുകി തലമുറകളെ മുക്കും. ബറാബാസുമാർ അധികാര കസേരയിൽ എങ്ങനെയെങ്കിലും ഇഴഞ്ഞു കയറി അനീതിയുടെ കലവറ തുറക്കും. നമ്മുടെ വാഴ്ത്തപ്പെട്ടവൻ ആയ കർത്താവ് എന്താണ് പറയുന്നത്? പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും, പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിക്കണം
(മത്തായി 10: 16) ആകണമെന്നാണ്. നമ്മുടെ ബുദ്ധിയും കഴിവുകളും സഭാ ഹോളിനുള്ളിൽ ഒതുക്കി ചുരുണ്ട് കിടക്കുവാൻ ദൈവം പറയുന്നില്ല, അവർ ഫറവോന്മാർക്ക് ആലോചനക്കാരും, നെബുക്കദ്നേസർമാർക്ക് പേടിസ്വപ്നവുമായി മാറട്ടെ.
.
കേരള പെന്തക്കോസ്തു സമൂഹം ഒരു കാലത്ത് മോതിരമിട്ടവരെ മുടക്കുകയും മാല ഇട്ട വരെ മൊഴി ചൊല്ലിയും പാൻ്റ് ധരിച്ചവരെ പുറത്താക്കിയും വിശുദ്ധിയും വേർപാടും തെളിയിച്ചു. വെള്ളിയാഴ്ച ധരിക്കണമെന്നും ആർഭാടവും വിദേശ പണവും അശുദ്ധമെന്നും കരുതിയ ഒരു കാലം. ടി വി പാപത്തിൻ്റെ പെട്ടി എന്ന് പറഞ്ഞുകൊണ്ട് വിലക്ക് കൽപ്പിച്ചവർ ഇന്ന് ടി വിയെക്കാൾ വലിപ്പമുള്ള ഫോണും പിടിച്ച് ഓടുകയാണ്.. പെന്തക്കോസ്തിൽ ആചാരങ്ങളും, കർമ്മങ്ങളും, പെരുന്നാളുകളും ഇല്ലെന്ന് പുലമ്പിയ നാം തിരുവചനത്തിൽ ഇല്ലാത്ത പലതും ഇന്ന് ചുമന്നു കൊണ്ട് നടക്കുന്നു. ലോകം വേണ്ട ലോകത്തിൽ ഒന്നും വേണ്ട എന്ന് പാടിയവരുടെ തലമുറകൾ കോടികളുടെ ഉടമസ്ഥരാണ്. മരുന്നും ആശുപത്രിയും പെന്തക്കോസുകാർക്ക് ഉചിതമല്ലെന്ന് പറഞ്ഞവരുടെ തലമുറകൾ ആശുപത്രികളുടെ ഉടമസ്ഥരായി മാറി. ഇതൊക്കെ തെറ്റെന്ന് പറയുന്നില്ല. ചുണ്ടിക്കാണിക്കുന്നു എന്ന് മാത്രം. പണ്ടെങ്ങോ ആരൊക്കെയോ പറഞ്ഞു ഉണ്ടാക്കിയത് നമ്മുടെ ന്യായപ്രമാണം ആയി മാറി. നമ്മുടെ വിശുദ്ധിയും വേർപാടും മുടിവെട്ടിലും മീശയിലും വസ്ത്രത്തിലും വായിലും മാത്രം ആയി മാറ്റപ്പെട്ടപ്പോൾ അകത്ത് കൊഴുപ്പ് വ്യാപരിച്ചു. ഇപ്പോൾ കേൾക്കുന്നതൊന്നും ദഹിക്കുന്നില്ല. / പുതിയത് അന്വേഷിച്ച് ഓടുകയാണ്. ഉപദേശവും വചന സത്യങ്ങളും അകത്തു കയറാതെ ഒഴുകി മാറി. യഹോവ സാക്ഷികൾ കവുങ്ങ് വെട്ടി അവരുടെ വിശ്വാസം പ്രഘോഷിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇന്ന് അതിലുള്ളവർക്കറിയാം അതെല്ലാം കേവലം മണ്ടത്തരം മാത്രം ആയിരുന്നു എന്ന് . ഇങ്ങനെ നാം വചനവുമായി പുലബന്ധമില്ലാത്തത് കൂട്ടിക്കെട്ടി മാലയാക്കിയിട്ടുകൊണ്ട് ഉപദേശമെന്ന പേരിൽ കൊണ്ടുനടക്കുന്നു. ഇതിൽ എന്ത് അർത്ഥമിരിക്കുന്നു? ശരിയായ വിശ്വാസി എവിടെയെങ്കിലും എത്തിപ്പെട്ടാൽ നിങ്ങൾ അവരുടെ പക്ഷം ചേരില്ല, അവർ നിങ്ങളുടെ പക്ഷം ചേരും.



