തീരുവ 25ല്‍ നിന്ന് 18 ശതമാനമായി കുറയ്ക്കും, ഇന്ത്യ- യുഎസ് വ്യാപാര കരാറില്‍ ധാരണയായെന്ന് ട്രംപ്

ഇന്ത്യ-അമേരിക്ക വ്യാപാരകരാർ അന്തിമമായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയതിന് പിന്നാലെയാണ് തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ വഴി ട്രംപ് പ്രഖ്യാപനം നടത്തിയത്.

കരാറിന്റെ ഭാഗമായി ഇന്ത്യയ്ക്ക് ചുമത്തിയിരുന്ന 25 ശതമാനം തീരുവ 18 ശതമാനമായി കുറച്ചതായി ട്രംപ് വ്യക്തമാക്കി.

തീരുവ കുറച്ചതിന് പകരമായി റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്താൻ സമ്മതിച്ചതായും, ഇത് യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സഹായകരമാകുമെന്നും ട്രംപ് പറഞ്ഞു. കൂടാതെ, അമേരിക്കയുടെ ഊർജ, സാങ്കേതിക, കാർഷിക മേഖലകളില്‍ നിന്ന് ഏകദേശം 50,000 കോടി ഡോളർ മൂല്യമുള്ള ഉല്‍പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

റഷ്യൻ എണ്ണയ്ക്ക് പകരമായി യുഎസിലും വെനസ്വേലയിലും നിന്ന് കൂടുതല്‍ എണ്ണ ഇന്ത്യ വാങ്ങിയേക്കുമെന്നാണ് ട്രംപിന്റെ വിശദീകരണം. അമേരിക്കൻ ഉല്‍പന്നങ്ങള്‍ക്ക് തീരുവ പൂർണമായി ഒഴിവാക്കാനും തീരുവയിതര നിയന്ത്രണങ്ങള്‍ പിൻവലിക്കാനും ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തീരുവ കുറച്ചതിന് നന്ദി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചെങ്കിലും, വ്യാപാരകരാർ അന്തിമമായതായി ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മോദിയുമായുള്ള സൗഹൃദവും പരസ്പര ബഹുമാനവും കണക്കിലെടുത്താണ് ഈ ക്രമീകരണമെന്നും ട്രംപ് വ്യക്തമാക്കി. മോദിയെ ‘ശക്തനായ നേതാവും മികച്ച സുഹൃത്തും’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർഗിയോ ഗോർ, മോദിയുമായി ട്രംപ് സംസാരിച്ചതായി എക്സില്‍ കുറിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.