സഭയും, രാഷ്ട്രീയവും പ്രതികരണം

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

രാഷ്ട്രീയം എന്ന പദം കേൾക്കുമ്പോൾ തന്നെ വിശ്വാസികളിൽ പലർക്കും ഒരുതരം അസ്വസ്ഥതയാണ്. എന്തോ അറപ്പുളവാക്കുന്നതും, ദുർഗന്ധപൂരിതവുമായ ഒരു മാലിന്യമായി നാമിതിനെകാണുന്നു. ഇന്ന് നടക്കുന്ന മത, സാമൂഹിക, സാംസ്കാരിക, ഭരണരംഗങ്ങളിലെ രാഷ്ട്രീയം തികച്ചും അറപ്പുളവാക്കുന്നതാണ്. പോര് വിളിക്കുക ചീത്ത പറയുക അധിക്ഷേപിക്കുക തകർക്കുക,തേജോ വധം ചെയ്യുക ഇതെല്ലാം ഓരോ രാഷ്ട്രീയ രംഗങ്ങൾ ആണ്.

യഥാർത്ഥത്തിൽ രാഷ്ട്രീയം എന്ന പദത്തിൻ്റെ അർത്ഥം എന്താണ്? വളരെ ലളിതമായി പറഞ്ഞാൽ അധികാരത്തിൻ്റെ കീഴിൽ നിന്നുകൊണ്ട് തീരുമാനങ്ങളും നിയമങ്ങളും മൂല്യങ്ങളും പ്രാബല്യത്തിൽ വരുത്തുക. സമൂഹത്തെ നേരായ പാതയിൽ നയിക്കുക സ്വാധീനിക്കുക. അവകാശങ്ങളും, ആനുകൂല്യങ്ങളും എത്തേണ്ട ഇടങ്ങളിൽ എത്തിക്കുക, ആദർശങ്ങൾ കാത്തുസൂക്ഷിക്കുക. സമൂഹത്തിൻ്റെ രാജ്യത്തിൻ്റെ ഉദ്ധാരണത്തിനും ഉന്നമനത്തിനും വേണ്ടി പ്രയത്നിക്കുക.

ഇത് ആരാണ് ചെയ്യേണ്ടത്? അധികാരങ്ങളും സ്ഥാനങ്ങളും നിയമങ്ങളും ചട്ടങ്ങളും എല്ലാം തിരുവചനത്തിൽ ഉണ്ട്. ഏതു മനുഷ്യനും, ശ്രേഷ്ഠ അധികാരങ്ങൾക്ക് കീഴടങ്ങട്ടെ. ദൈവത്താൽ അല്ലാതെ ഒരു അധികാരവും ഇല്ലല്ലോ. ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു. (റോമര്‍ 13: 1, 2).

നമ്മുടെ പൗരത്വം സ്വർഗ്ഗത്തിൽ എങ്കിലും വാസം ഇപ്പോൾ ഭൂമിയിൽ അത്രേ. കർത്താവ് ഇങ്ങനെ പറയുന്നു, നിങ്ങൾ ലോകത്തിൻ്റെ വെളിച്ചമാണ്. വിളക്ക് കത്തിച്ച് തണ്ടിൻമേൽ അത്രേ വയ്ക്കണ്ടത്. ആ പ്രകാശം എല്ലാവരും കാണണം. അങ്ങനെ തന്നെ നിങ്ങളുടെ നല്ല പ്രവർത്തികളെ കണ്ട് ലോകം ദൈവത്തെ മഹത്വപ്പെടുത്തണം. നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ (മത്തായി 5:13: 16). മതിൽക്കെട്ടിനുള്ളിലുംആരാധന ആലയങ്ങളിലും മാത്രം വിശ്വാസി ചമഞ്ഞ് നടന്നാൽ ലോകത്തിൻ്റെ മാലിന്യം സുനാമി കണക്കെ എല്ലായിടത്തും ഒഴുകിയെത്തും.

നാം ദേശത്തിൻ്റെ കാവൽക്കാരാണ്. സോദോമ്യ പാപം പമ്പാ നദി പോലെ കുത്തിയൊഴുകുമ്പോൾ നാം പ്രതികരിക്കുന്നില്ല എങ്കിൽ കുരയ്ക്കാത്ത ഊമ നായ്ക്കൾക്ക് തുല്യമത്രേ (യെശയ്യാവ് 56: 10). അസമാധാനവും, അശുദ്ധിയും, അക്രമവും അരാജകത്വവും ദേശത്ത് മൂർഖൻ പാമ്പുപോലെ പത്തി വിടർത്തുമ്പോൾ നോക്കുകുത്തികളായി കയ്യുംകെട്ടി നിൽക്കുന്നത് ശരിയല്ല. വിശ്വസ്തതയുടെയും, ഭക്തിയുടെയും, സത്യത്തിൻ്റെയും, സമാധാനത്തിൻ്റെയും ആയുധ ശേഖരണം ഉള്ളവർ ദേശത്തെഴുന്നേൽക്കണം. നീതി പ്രവർത്തിക്കുന്നവരും, സത്യം സംസാരിക്കുന്നവരും ദേശത്ത് കുറയുമ്പോൾ അനീതിയും അക്രമവും ദേശത്ത് കൂടാരമടിക്കും.

ഹോളിവുഡും, ബോളിവുഡും ആണോ ദേശം നിയന്ത്രിക്കേണ്ടത്? സ്കൂളുകളിലും കോളേജുകളിലും ഇവരാണോ പാഠപദ്ധതികൾ തീരുമാനിക്കേണ്ടത്? സാൻമാർഗികതയെ കുറിച്ച് ദേശത്തോട് പുലമ്പുവാൻ ഇവർക്ക് എന്ത് യോഗ്യത? അധികാരസ്ഥാനങ്ങൾ കോമാളികൾ ആണോ കയ്യടക്കേണ്ടത്? ആത്മാവും ജ്ഞാനവും നല്ല സാക്ഷ്യവും ഉള്ള ചിലരെ അപ്പോസ്തോലന്മാർ കേവലം മേശമേൽ ശുശ്രൂഷയ്ക്കായി തെരഞ്ഞെടുത്തുവെങ്കിൽ സമൂഹത്തിനും ലോകത്തിനും തലമുറകൾക്കും സ്വാധീനം ചെലുത്തുന്ന ഭരണതലത്തിൽ വ്യക്തിത്വങ്ങളെ തിരഞ്ഞെടുക്കുമ്പോൾ അവർ ആരാണെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

വിശ്വാസവും ആദർശവും മനുഷ്യത്വവും കറകളഞ്ഞ വ്യക്തിത്വവും ഉള്ള ദാനിയലുമാർ ദേശത്ത് , സ്കൂളുകളിൽ, കോളേജുകളിൽ, അധികാര സ്ഥാനങ്ങളിൽ എത്തിപ്പെടുമ്പോൾ ഇരുട്ടും, അതിൻ്റെ പ്രവർത്തികളും ഓടിപ്പോകും.

അപ്പോൾ ജനം പറയും ഇതുവഴി കടന്നുപോകുന്ന മനുഷ്യൻ കയ്യിട്ടു വാരുന്നവനല്ല, മറിച്ച് കരുതുന്നവൻ ആണ്.

വിശ്വാസികൾ എന്ന് പറഞ്ഞുകൊണ്ട് കൂട്ടിനകത്ത് ഒളിച്ചിരിക്കുവാൻ വചനം അനുശാസിക്കുന്നില്ല. ലോത്ത് ലോകം നന്നാക്കാൻ വേണ്ടി എവിടെയും പോയതായി നാം കാണുന്നില്ല. നീരോട്ടമുള്ളത് തെരഞ്ഞെടുത്തു. അബ്രഹാമുമായുള്ള ബന്ധത്തിൽ നിന്ന് അകന്നു മാറി, പരാജയത്തിലേക്ക് നിലം പതിച്ചു. നമ്മുടെ തെരഞ്ഞെടുപ്പാണ് നമ്മെ നയിക്കുന്നത്. മിസ്രയീമിലും ഫറവോൻ്റെ കൊട്ടാരത്തിലും യേശുവിനെ വരച്ചു കാണിക്കുവാൻ യോസഫുമാർക്ക് കഴിയും.

ഇവർ ദേശത്തിനാവശ്യമായ നല്ല ആലോചനകൾ ഭരണ തലങ്ങളിൽ കൈമാറുമ്പോൾ, അത് ഒരു സൗരഭ്യവാസനയായി മാറും. ഈ കാലഘട്ടത്തിൽ യോഹന്നാൻ സ്നാപകമാർ വിശുദ്ധിയുടെ അങ്കി ധരിച്ച് ഹേരോദാവൻമാരുടെ ഉറക്കം കെടുത്തട്ടെ. നെഹമ്യാവുമാർ തങ്ങളുടെ അധികാരം കൊണ്ട് ഇടിഞ്ഞു കിടക്കുന്നതിനെ പണിതുറപ്പിക്കട്ടെ. എബ്രായ ബാലൻമാർ അശുദ്ധിക്കും, അസന്മാർഗികതയ്ക്കും എന്നും ഒരു പേടിസ്വപ്നമായി നിൽക്കട്ടെ. മോശമാർ നീതിയുടെയും, സത്യത്തിൻ്റെയും ന്യായാധിപന്മാരായി ന്യായാസനങ്ങളിൽ ഇരിക്കട്ടെ. ദൈവീക പ്രമാണങ്ങളെ മാറോടു ചേർത്തു പിടിക്കുന്ന നാവുകൾ ദേശത്ത് എഴുന്നേൽക്കുമ്പോൾ, സ്വവർഗ രതിയും, അബോർഷനും, ട്രാൻസ്ജെൻഡറും, കമ്മ്യൂണിസവും, സോഷ്യലിസവും, അതിൻ്റെ ശിരോമണികളും വിറയ്ക്കും.

റോമൻ ചക്രവർത്തി കോൺസ്റ്റൻറ്റയിൻ ലോകത്തിൻ്റെതും, ബാബിലോണിൻ്റെതും കടമെടുത്ത് ക്രിസ്തുമതത്തിൽ അടിച്ചേൽപ്പിച്ചതു കൊണ്ടാണ് ക്രിസ്ത്യാനി ഇന്ന് പല ആചാരങ്ങളും കൊണ്ടുനടക്കുന്നത്. വിശ്വാസികൾ ഭരണതലത്തിലും, സുപ്രീംകോടതിവരെയും ഉന്നതമായ സ്ഥാനമാനങ്ങൾ വഹിക്കുമ്പോൾ, നമ്മിലുള്ള വെളിച്ചം അവിടുള്ള ഇരുട്ടിൻ്റെ ഇടനാഴിയിലും പ്രകാശിക്കും. ലോകമറിയട്ടെ നാം സത്യം സംസാരിക്കുന്നവർ, നീതിക്കു വേണ്ടി വാദിക്കുന്നവർ, പാപത്തിനെതിരെ പ്രതികരിക്കുന്നവർ എന്ന്. ഈ തീ നാളം തല്ലിക്കൊടുത്തുവാൻ ഇരുട്ടിൻ്റെ ശക്തികൾ വജ്രായുധം പ്രയോഗിക്കുകയാണ്. ഇതിനെതിരെ വിശ്വാസ സമൂഹം എഴുന്നേൽക്കണം.

ഉന്നതമായ സ്ഥാനങ്ങളിലേക്ക് കടന്നു ചെല്ലണം, നിലയുറപ്പിക്കണം.
നമുക്ക് ഒരു ദൗത്യവും, ഉത്തരവാദിത്വം ഉണ്ട്. സുവിശേഷീകരണം സഭയുടെ ലക്ഷ്യമാണ്. എന്നാൽ ലോകത്തിൽ നാം ജ്യോതിസ്സുകളെ പോലെ പ്രകാശിക്കണം. നമ്മുടെ നല്ല പ്രവർത്തിയിലൂടെ ക്രിസ്തുവിനെ ചിലർ കണ്ടെത്തട്ടെ.

കയ്യടിച്ച് ആരാധിക്കുന്ന നാം, കറപുരളാത്ത ജീവിതം നയിക്കുന്നവർ എന്ന് ദേശം അറിയട്ടെ. പുറമ്പോക്കിലിരിക്കുവാൻ അല്ല ദൈവം നമ്മെ തെരഞ്ഞെടുത്തിരിക്കുന്നത്.

*ആചാരങ്ങളെയും സംസ്‌കാരത്തെയും ഉപദേശമാക്കിയവർ*