1971ല്‍ അമേരിക്കയിലെ കൊറിഗോണിലെ പോട്ലാന്റ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന കരോലിന്‍ ഡേവിഡ്സന്‍ എന്ന 25 വയസ്സുളള ഒരു പെണ്‍കുട്ടി പുലരുവോളം തന്റെ മുന്നിലെ കാന്‍വാസില്‍ സ്‌കെച്ചിങ്ങില്‍ ഇരിക്കുകയാണ്. ഒരു ലോഗോ വരക്കാനാണ് ശ്രമം.
ദിവസങ്ങളായി അവള്‍ തന്റെ മനസ്സില്‍ വിരിഞ്ഞ ആശയത്തിന് ഒരു രൂപം സൃഷ്ടിക്കാനുളള ശ്രമത്തിലാണ്. ലോഗോ വരക്കാനായി ഏല്‍പ്പിച്ച കമ്പനി ഓണറുടെ നിര്‍ദ്ദേശങ്ങളായിരുന്നു അവളുടെ ചിന്തയില്‍ നിറയെ. ചലനാത്മകതയുണ്ടാകണം, വൈബ്രന്റാകണം, സിംപിളായിരിക്കണം, ഒരു വരമാത്രമേ ആകാവൂ.. നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ നീണ്ടു.
പിറ്റേന്നാണ് അവള്‍ക്ക് ആ ലോഗോ കമ്പനിക്ക് മുമ്പില്‍ അവതരിപ്പിക്കേണ്ടത്. നീണ്ട 17 മണിക്കൂര്‍ ഒറ്റയിരുപ്പില്‍ ഇരുന്ന്, നേരം പുലര്‍ന്നപ്പോഴേക്കും നാലഞ്ച് സെക്ച്ചുകള്‍ അവള്‍ പൂര്‍ത്തിയാക്കി. കമ്പനിയിലെത്തി ഇവ അവതരിപ്പിച്ചു. അതില്‍ വളവുളള ഒരു വര, കമ്പനിയുടെ ഫൗണ്ടര്‍ ഫില്‍നൈറ്റ് തിരഞ്ഞെടുത്തു.
എന്നിട്ടയാള്‍ പറഞ്ഞു: സത്യത്തില്‍ എനിക്കിത് ഇഷ്ടപ്പെട്ടിട്ടില്ല. പക്ഷേ, ചിലപ്പോള്‍ കുറച്ച് ദിവസം കഴിയുമ്പോള്‍ എന്നെയത് ആകര്‍ഷിക്കുമായിരിക്കും. നമുക്ക് നോക്കാം…
ഗ്രീക്ക് പുരാണത്തിലെ ഭാഗ്യദേവതയുടെ ചിറകിനെ ആധാരമാക്കിയാണ് കരോളിന്‍ ആ ലോഗോ വരച്ചത്. ആ ലോഗോ പിറന്ന് 50 ആണ്ടുകള്‍ക്കിപ്പുറം ബ്രാന്റിന്റെ പേര് പോലും പറയാതെ, ലോകത്തെ ഏത് കോണിലുമുളള ഏത് കൊച്ചുകുട്ടിക്കും തിരിച്ചറിയുന്ന തരത്തില്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമുളള ലോഗോ ആയി കരോലിന്റെ ആ വര മാറിയിരുന്നു.. അന്ന് 35 ഡോളറായിരുന്നു ആ ലോഗോയുടെ മൂല്യം. എന്നാല്‍ ഇന്ന് ആ ലോഗോയുടെ മാത്രം മൂല്യം 26 ബില്യണ്‍ ഡോളര്‍ അഥവാ രണ്ട് ലക്ഷം കോടി രൂപ.
അതെ നൈക്കി! ലോക പ്രശസ്ത ബ്രാന്‍ഡായ നൈക്കിയുടെ ലോഗോ പിറന്ന വഴിയായിരുന്നു ഇത്! ലോകത്തെ മാറ്റിമറിച്ചതെന്തും, അതൊരു ആശയമാകട്ടെ, വിപ്ലവമാകട്ടെ, ബ്രാന്റാകട്ടെ, പ്രൊഡക്ടാകട്ടെ, എന്തും തുടങ്ങുന്നത് ഒരു സ്പാര്‍ക്കിലാണ്.. അത് എങ്ങിനെ കത്തിപ്പടരുമെന്നോ, ആളിപ്പടരുമെന്നോ ഒരു നിശ്ചയവുമില്ലാതിരുന്ന സമയത്താണ് ആ ആശയത്തിന്റെ പിറവി..
മനസ്സിലെ ആശയങ്ങളെ വളരാന്‍ അനുവദിക്കുക.. ഒരുപക്ഷേ, അത് നാളെ, ലോകത്തെ തന്നെ മാറ്റിമറിക്കുന്ന ഒന്നായി മാറിയേക്കാം – ശുഭദിനം.



