സാമൂഹിക മാധ്യമ അധിക്ഷേപത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം: ഷിംജിത മുസ്തഫ അറസ്റ്റില്‍

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ ഷിംജിത മുസ്തഫ അറസ്റ്റില്‍.

വടകരയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ വൈദ്യപരിശോധനയ്ക്കായി കൊയിലാണ്ടിയിലെ ആശുപത്രിയില്‍ എത്തിച്ചു.

യുവാവിന്റെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ ഷിംജിത മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നെങ്കിലും അതിന് മുമ്ബ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.

പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴി സര്‍വീസ് നടത്തുന്ന അല്‍ അമീന്‍ എന്ന സ്വകാര്യ ബസിലാണു യുവതി വീഡിയോ ചിത്രീകരിച്ചത്. ഇത് അവർ തന്റെ ഇൻസ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തു. പോസ്റ്റ് വൈറലായതിന് പിന്നാലെ ഷിംജിത ആരോപണം ഉന്നയിച്ച ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരന്നു. ബസില്‍ വെച്ച്‌ അപമര്യാദയായി പെരുമാറിയെന്ന തരത്തിലാണ് ദീപക്കിനെതിരെ വീഡിയോ പ്രചരിച്ചത്.

സംഭവത്തിന് പിന്നാലെ ഷിംജിത ഒളിവില്‍ പോയി. ഇതിനിടെ ഇവർ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

അരീക്കോട് പഞ്ചായത്ത് വാർഡ് മെമ്പറായിരുന്നു ഷിംജിത.