‘സമുദായ നേതാക്കള്‍ ഇരിക്കാൻ പറഞ്ഞാല്‍ ഇരിക്കാം, പക്ഷേ കിടക്കരുത്’ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

കേരളത്തില്‍ വർഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാൻ സിപിഎം ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. തീപ്പൊരി വീഴാൻ കാത്തിരിക്കുന്നവരുടെ കൈകളിലേക്ക് തീപ്പന്തം എറിഞ്ഞുകൊടുക്കുന്ന നടപടിയാണ് സർക്കാർ ചെയ്യുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാർ പാതയാണ് സിപിഎം സ്വീകരിച്ചിരിക്കുന്നതെന്നും, ഇത് പാർട്ടിയുടെ അവസാനത്തിന്റെ തുടക്കമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മന്ത്രി സജി ചെറിയാൻ അടക്കമുള്ളവരുടെ വിവാദ പരാമർശങ്ങളെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സമുദായ നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളെ പുകഴ്ത്തി പറയുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നേക്കാള്‍ മികച്ച നേതാക്കള്‍ പാർട്ടിയിലുണ്ടെന്നും രമേശ് ചെന്നിത്തല തന്റെ നേതാവാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുൻപ് രാഷ്ട്രീയ നേതാക്കള്‍ സമുദായ നേതാക്കളെ അമിതമായി ആശ്രയിക്കുന്നതിനെ താൻ വിമർശിച്ചിട്ടുണ്ട്. സമുദായ നേതാക്കളുടെ മുന്നില്‍ ഓശാന പാടാനോ അനാവശ്യമായി താഴ്ന്നു കൊടുക്കാനോ താൻ തയ്യാറല്ലെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. രാഷ്ട്രീയ നേതാക്കള്‍ പരിധിവിട്ട് സമുദായ നേതാക്കളെ ആശ്രയിക്കുന്ന പ്രവണതയെ മുൻപ് താൻ വിമർശിച്ചിട്ടുള്ളത് രാഷ്ട്രീയക്കാരെ ലക്ഷ്യം വെച്ചാണെന്നും, സമുദായ നേതാക്കള്‍ ഇരിക്കാൻ പറയുമ്പോള്‍ അവരുടെ മുന്നില്‍ ദീർഘനമസ്കാരം ചെയ്യുന്ന രീതിയിലുള്ള അതിരുകടന്ന വിധേയത്വം തനിക്ക് ഒരുകാലത്തും ഉണ്ടാകില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

വോട്ട് എന്നത് ഏതെങ്കിലും നേതാക്കളുടെ കയ്യിലിരിക്കുന്ന ഒന്നല്ലെന്നും അത് ജനങ്ങള്‍ തീരുമാനിക്കുന്നതാണെന്നും സതീശൻ കൂട്ടിച്ചേർത്തു. ഒരു സമുദായത്തെയും താൻ തള്ളിപ്പറഞ്ഞിട്ടില്ല. രാഷ്ട്രീയ നേതാക്കള്‍ സമുദായ നേതാക്കളുമായി ചർച്ചകള്‍ നടത്തുന്നതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും, എന്നാല്‍ അത്തരം കൂടിക്കാഴ്ചകളില്‍ രാഷ്ട്രീയ മര്യാദ നിലനിർത്തണമെന്നുമാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കാലത്ത് എൻഎസ്‌എസ് ആസ്ഥാനം സന്ദർശിച്ചതിനെക്കുറിച്ചുള്ള സുകുമാരൻ നായരുടെ പരാമർശങ്ങള്‍ക്കും സതീശൻ മറുപടി നല്‍കി. സമുദായ നേതാക്കളെ സന്ദർശിക്കുന്നത് സ്വാഭാവികമായ കാര്യമാണെന്നും താൻ പലതവണ പെരുന്നയിലും വെള്ളാപ്പള്ളി നടേശന്റെ വസതിയിലും പോയിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടതനുസരിച്ചാണ് മുൻപ് പോയത്. പ്രതിപക്ഷ നേതാവായ ശേഷവും കെ.സി വേണുഗോപാലിനൊപ്പം സുകുമാരൻ നായരെ സന്ദർശിച്ചിട്ടുണ്ടെന്നും അതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.