ഇറാനിലെ പ്രക്ഷോഭം; 12000 പേർ കൊല്ലപ്പെട്ടെന്ന് ‘ഇറാൻ ഇന്റർനാഷണൽ’

ടെഹ്റാൻ: ഇറാനിലെ പ്രക്ഷോഭം മൂന്നാം ആഴ്ചയിൽ എത്തിനിൽക്കുകയാണ്. ഇറാനിൽ സുരക്ഷാ സേനയുടെ ആക്രമണത്തിൽ കുറഞ്ഞത് 12000 പേർ കൊല്ലപ്പെട്ടെന്ന ഞെട്ടിപ്പിക്കുന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറാൻ ഇന്റർനാഷണൽ എന്ന വെബ്സൈറ്റ്. ‘ആധുനിക ഇറാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊലപാതകം’ ആണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്നതെന്ന് വെബ്സൈറ്റ് ആരോപിക്കുന്നു. ഇതുവരെ പുറത്തുവന്നതിനേക്കാൾ ഏറെ കൂടുതലാണ് കണക്ക്. മനുഷ്യാവകാശ സംഘടനകൾ പുറത്തുവിട്ട കണക്ക് പ്രകാരം നൂറു കണക്കിന് പേരാണ് കൊല്ലപ്പെട്ടത്.

ഇറാൻ ഇന്റർനാഷണലിന്റെ റിപ്പോർട്ട് അനുസരിച്ച്, ജനുവരി എട്ട്, ഒമ്പത് തീയതികളിലാണ് കൂട്ടക്കൊലകൾ പ്രധാനമായും നടന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്, ബസിജ് സേന എന്നിവരായിരുന്നു ഈ ക്രൂരകൃത്യത്തിന് പിന്നിൽ. പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുള്ള ‘അപ്രതീക്ഷിതമായ’ ഏറ്റുമുട്ടലുകൾ ആയിരുന്നില്ല ഇവയെന്നും, മറിച്ച് സംഘടിതവും ചിട്ടയുമായ കൂട്ടക്കൊലയാണ് നടന്നതെന്നും അവർ ആരോപിക്കുന്നു.

ഈ ഓപ്പറേഷന്റെ പിന്നിൽ അലി ഖമേനിയുടെ നേരിട്ടുള്ള ഉത്തരവുണ്ടെന്നും ഇറാനിയൻ രാഷ്ട്രീയ സംവിധാനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയും അംഗീകാരത്തോടെയുമാണ് ഇത് നടന്നതെന്നുമുള്ള അവകാശവാദം ഇറാൻ ഇന്റർനാഷണൽ ഉന്നയിച്ചു. പ്രതിഷേധക്കാർക്ക് നേരെ വെടിയുണ്ടകൾ ഉപയോഗിക്കാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അനുമതി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. തങ്ങൾ പുറത്തുവിട്ട 12,000 മരണസംഖ്യ, ഇറാന്റെ സ്വന്തം സുരക്ഷാ സ്ഥാപനങ്ങളുടെ ആഭ്യന്തര കണക്കുകളുമായി അടുത്തുനിൽക്കുന്നതാണ് എന്നും ഇറാൻ ഇന്റർനാഷണൽ വ്യക്തമാക്കി.

സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ, പ്രസിഡന്റ് ഓഫീസ്, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്, ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും ജീവനക്കാർ, നേരിട്ട് കണ്ട സാക്ഷികൾ എന്നിവരിൽനിന്നും ലഭിച്ച വിവരങ്ങൾ വിവിധ ഉറവിടങ്ങളിൽനിന്ന് ക്രോസ് ചെക്ക് ചെയ്താണ് ഈ കണക്ക് തയ്യാറാക്കിയതെന്നും അവർ പറഞ്ഞു. ‘ഈ ഡാറ്റ കർശനമായ പ്രൊഫഷണൽ മാനദണ്ഡങ്ങൾ പാലിച്ച് വിവിധ ഘട്ടങ്ങളിലൂടെ പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് പ്രസിദ്ധീകരിച്ചത്.’ അവർ കൂട്ടിച്ചേർത്തു.

മരിച്ചവരിൽ ഭൂരിഭാഗം ആളുകളും 30 വയസ്സിൽ താഴെയുള്ളവരാണെന്നും ഇറാൻ ഇന്റർനാഷണൽ അവരുടെ റിപ്പോർട്ടിൽ പറയുന്നു. വിവരങ്ങൾ സ്ഥിരീകരിക്കാൻ സമയമെടുത്തുവെന്നും ദേശീയ ഇന്റർനെറ്റ് ബ്ലാക്ക്ഔട്ട് കാരണമാണ് അവ പ്രസിദ്ധീകരിക്കാൻ കാലതാമസം നേരിട്ടതെന്നും അവർ വ്യക്തമാക്കി. മാധ്യമങ്ങളെ നിശബ്ദമാക്കുകയും, മാധ്യമപ്രവർത്തകരെയും സാക്ഷികളെയും ഭീഷണിപ്പെടുത്തുകയും ആശയവിനിമയത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തത് സുരക്ഷാ നിയന്ത്രണം നിലനിർത്താൻ വേണ്ടിമാത്രമല്ല, കൂട്ടക്കൊലകളുടെ വ്യാപ്തി മറച്ചുവെക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് അവർ പറഞ്ഞു.