കാരക്കസ്: ശനിയാഴ്ച നടന്ന യുഎസ് സൈനിക നടപടിയില്‍ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ കാലിന് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി ഡിയോസ്ദാഡോ കാബെല്ലോ.
ശനിയാഴ്ച നടന്ന യുഎസ് സൈനിക നടപടിയില്‍ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ കാലിന് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി ഡിയോസ്ദാഡോ കാബെല്ലോ.
മഡുറോയ്ക്കൊപ്പം അറസ്റ്റിലായ ഭാര്യ സിലിയ ഫ്ലോറസിന് തലയ്ക്ക് പരിക്കേറ്റു. യുഎസ് സൈനിക നടപടിയില്‍ 100 പേർ കൊല്ലപ്പെട്ടതായും കാബെല്ലോ വ്യക്തമാക്കി.
യുഎസ് സൈനിക നടപടിയില്‍ 22 സൈനികരുടെ മരണവിവരങ്ങള്‍ അധികൃതർ പുറത്തുവിട്ടിരുന്നു. 32 ക്യൂബൻ സൈനികരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ക്യൂബൻ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. വെനസ്വേലൻ സൈനികരുടെ ധൈര്യത്തെ കാബെല്ലോ പ്രശംസിച്ചു. നടപടിയില്‍ കൊല്ലപ്പെട്ടവർക്കായി ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പ്രഖ്യാപിച്ച ദുഃഖാചരണത്തെയും കാബെല്ലോ എടുത്തുപറഞ്ഞു.
യുഎസ് സൈനിക നടപടിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം വെനസ്വേല ഇതുവരെ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ സൈന്യം 23 സൈനികരുടെ മരണവിവരം പുറത്തുവിട്ടിരുന്നു. മഡുറോയുടെ സുരക്ഷാ വിഭാഗത്തിലെ പലരും കൊല്ലപ്പെട്ടതായി വെനസ്വേലൻ ഉദ്യോഗസ്ഥർ അറിയിച്ചു. ക്യൂബയുടെ 32 സൈനികരും ഇന്റലിജൻസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ക്യൂബ അറിയിച്ചു.
അതേസമയം, യുഎസ് വെനസ്വേലയുമായി ബന്ധമുള്ള രണ്ട് എണ്ണക്കപ്പലുകള്‍ പിടിച്ചെടുത്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെനസ്വേലൻ എണ്ണക്കപ്പലുകള്‍ നിയന്ത്രിക്കാനും ഉപരോധം ശക്തമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. റഷ്യയുടെ പതാകയേന്തി സഞ്ചരിച്ച ഒരു കപ്പലും ഇതില്‍ ഉള്‍പ്പെടുന്നു. ഉപരോധം നേരിടുന്ന വെനസ്വേലൻ ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്ന കപ്പലുകളെ ലക്ഷ്യമിട്ട് യുഎസ് ഉപരോധം ശക്തമാക്കിയിട്ടുണ്ട്.
വടക്കൻ അറ്റ്ലാന്റിക്കില്‍ റഷ്യൻ പതാകയേന്തിയ ‘മാരിനേര’ എന്ന കപ്പല്‍ ബുധനാഴ്ച പുലർച്ചെയാണ് പിടിച്ചെടുത്തത്. പേരും പതാകയും മാറ്റി ഉപരോധം മറികടക്കാൻ ശ്രമിച്ച കപ്പലിനെ ആഴ്ചകളോളം പിന്തുടർന്നാണ് പിടികൂടിയത്. യുഎസ് കോസ്റ്റ് ഗാർഡും സൈന്യവും ഫെഡറല്‍ കോടതിയുടെ അനുമതിയോടെയാണ് കപ്പലില്‍ പ്രവേശിച്ചത്. ഉപരോധം ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി.
രണ്ടാമത്തെ കപ്പലായ പനാമയുടെ പതാകയേന്തിയ ‘എം/എസ് സോഫിയ’യെ കരീബിയൻ കടലില്‍ വെച്ചും യുഎസ് കസ്റ്റഡിയിലെടുത്തു. ഈ രണ്ട് കപ്പലുകളും അവസാനമായി വെനസ്വേലയില്‍ അടുക്കുകയോ അങ്ങോട്ട് പോകുകയോ ചെയ്തവയാണെന്നും വെനസ്വേലൻ എണ്ണക്കപ്പല്‍ ഗതാഗതവുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് ഉപരോധം നേരിടുന്നവയാണെന്നും യുഎസ് അധികൃതർ അറിയിച്ചു.
റഷ്യൻ സർക്കാർ ‘മാരിനേര’ പിടിച്ചെടുക്കലിനെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായി അപലപിക്കുകയും ഈ നീക്കത്തെ ‘കടല്‍ക്കൊള്ള’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. സൈനിക നടപടിയില്‍ യാതൊരു സംഘർഷവും റിപ്പോർട്ട് ചെയ്തിട്ടില്ല.



