മിന്ന: വടക്കൻ നൈജീരിയയിലെ നൈജറിൽ സായുധ സംഘം നടത്തിയ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകുന്നേരം ബോർഗുവിലെ കസുവാൻ-ദാജി ഗ്രാമത്തിലെ കത്തോലിക്കാ ആരാധനാലയമുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം.
നൈജീരിയൻ പോലീസ് വക്താവ് വാസിയു അബിയോദുൻ പ്രസ്താവനയില്‍ വ്യക്തമാക്കിയത് പ്രകാരം, ആയുധധാരികളായ സംഘം ഗ്രാമവാസികള്‍ക്ക് നേരെ വെടിയുതിർക്കുകയും പ്രാദേശിക ചന്തയും നിരവധി വീടുകളും അഗ്നിക്കിരയാക്കുകയും ചെയ്തു. പ്രദേശവാസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തതനുസരിച്ച് 30 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേരെ അക്രമികൾ തട്ടിക്കൊണ്ടുപോയതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരണ സംഖ്യ ഉയരുമെന്ന നിരീക്ഷണവും പ്രദേശവാസികൾ നടത്തുന്നുണ്ട്. സംഘർഷം പതിവായ ഈ മേഖലയിൽ തുടർച്ചയായി നടക്കുന്ന അക്രമ സംഭവങ്ങളുടെ ഏറ്റവും ഒടുവിലത്തെ അക്രമ സംഭവമാണിത്.
ശനിയാഴ്ച വൈകുന്നേരമാണ് ബോർഗുവിലെ കസുവാൻ-ദാജി ഗ്രാമത്തിലേക്ക് ആയുധധാരികളായ സംഘം ഇരച്ചുകയറിയത്. ഇവർ ഗ്രാമവാസികൾക്ക് നേരെ വെടിയുതിർക്കുകയും പ്രാദേശിക ചന്തയും നിരവധി വീടുകളും അഗ്നിക്കിരയാക്കുകയും ചെയ്തുവെന്നാണ് നൈജീരിയയിലെ പൊലീസ് വക്താവ് വാസിയു അബിയോദുൻ പ്രസ്താവനയിൽ വിശദമാക്കിയത്.
ആക്രമണത്തെ ശക്തമായി അപലപിച്ച നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു അക്രമികളെ കണ്ടെത്തി ബന്ദികളെ മോചിപ്പിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അക്രമി സംഘം ഒരു ആഴ്ചയ്ക്ക് മുൻപായി പ്രദേശത്ത് ചുറ്റിത്തിരിഞ്ഞിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സുരക്ഷാ സംവിധാനങ്ങൾ ദുർബലമായ നൈജീരിയയിലെ ഉൾഗ്രാമങ്ങളിൽ ഇത്തരം സംഭവങ്ങൾ പതിവാണ്. നവംബറിൽ കത്തോലിക്കാ സ്കൂളിൽ നിന്ന് മൂന്നൂറിലേറെ വിദ്യാർത്ഥികളേയും അധ്യാപകരേയും സായുധ സംഘം ഇത്തരത്തിൽ കടത്തിക്കൊണ്ട് പോയിരുന്നു. പാപിരി എന്ന സ്ഥലത്തായിരുന്നു ഈ ആക്രമണം നടന്നത്. നിലവിലെ ആക്രമണവും കത്തോലിക്കാ ആരാധനാലയത്തിനുള്ളിലാണ് നടന്നിട്ടുള്ളത്. തട്ടിയെടുക്കപ്പെട്ടവരിൽ ഏറെയും കുട്ടികളാണെന്നാണ് പള്ളി വികാരി വിശദമാക്കുന്നത്.



