സ്വിറ്റ്സര്‍ലൻഡില്‍ പുതുവത്സരാഘോഷത്തിനിടെ ആഡംബര ബാറില്‍ വൻ സ്ഫോടനം; നിരവധി മരണം

ബേണ്‍: സ്വിറ്റ്സർലൻഡിലെ ക്രാൻസ് മൊണ്ടാനയിലെ ബാറില്‍ പുതുവത്സരാഘോഷത്തിനിടെ വൻ സ്ഫോടനം. സംഭവത്തില്‍ നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പുതുവത്സരാഘോഷത്തിനിടെ ആഡംബര ആല്‍പൈൻ സ്കീ റിസോർട്ട് പട്ടണമായ ക്രാൻസ് മൊണ്ടാനയിലെ ലെ കോണ്‍സ്റ്റലേഷൻ എന്ന ബാറിലാണ് വ്യാഴാഴ്ച പുലർച്ചെ സ്ഫോടനം ഉണ്ടായത്. മരണപ്പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. 100 ഓളം ആളുകള്‍ ബാറിലുണ്ടായിരുന്നു എന്നാണ് വിവരം.

എല്ലാവർഷവും പുതുവത്സരം ആഘോഷിക്കാൻ ആളുകള്‍ എത്താറുള്ള ബാറാണിത്. വ്യാഴാഴ്ച പുലർച്ചെ 1.30ഓടെയായിരുന്നു സംഭവം. മരിച്ചവരില്‍ ഭൂരിഭാഗവും അവധിക്കാലം ആഘോഷിക്കാൻ ക്രാൻസ്-മൊണ്ടാനയിലെത്തിയ വിനോദസഞ്ചാരികളാണ്. സംഗീത പരിപാടിക്കിടെയുണ്ടായ വെടിക്കെട്ടാണ് സ്ഫോടനത്തിന് കാരണമെന്ന് സ്വിസ് വാർത്താ ഏജൻസിയായ ബ്ലിക്ക് റിപ്പോർട്ട് ചെയ്തു.

സ്ഫോടനത്തിന്റെ ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോലീസ്, ഫയർ സർവീസുകള്‍, നിരവധി ഹെലികോപ്റ്ററുകള്‍ എന്നിവ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ദുരിതബാധിതരുടെ ബന്ധുക്കള്‍ക്കായി ഒരു ഹോട്ട്‌ലൈനും തുടങ്ങി. പ്രദേശം പൂർണമായും അടച്ചിട്ടിരിക്കുകയാണെന്നും ക്രാൻസ്-മൊണ്ടാന നിരോധിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

സ്വിസ് തലസ്ഥാനമായ ബേണില്‍ നിന്ന് ഏകദേശം രണ്ട് മണിക്കൂർ അകലെ, വലൈസ് മേഖലയിലെ ആല്‍പ്സിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ആഡംബര സ്കീ റിസോർട്ട് പട്ടണമാണ് ക്രാൻസ്-മൊണ്ടാന. 87 മൈല്‍ നീളമുള്ള നടപ്പാതകളുള്ള ഈ പട്ടണം ബ്രിട്ടീഷ് വിനോദസഞ്ചാരികള്‍ക്കിടയില്‍ ജനപ്രിയമാണ്. ബിബിസിയുടെ കണക്കനുസരിച്ച്‌, ജനുവരി അവസാനം, ക്രാൻസ്-മൊണ്ടാന റിസോർട്ട് എഫ്‌ഐഎസ് വേള്‍ഡ് കപ്പ് എന്ന സ്പീഡ് സ്കീയിംഗ് ഇവന്റിന് ആതിഥേയത്വം വഹിക്കും.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു