പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ സുഹാൻ എന്ന ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
സുഹാന്റേത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തില്‍ പരിക്കുകളോ മറ്റ് മുറിവുകളോ ഇല്ലെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം സുഹാൻ പഠിച്ചിരുന്ന റോയല്‍ നഴ്സറി സ്‌കൂളില്‍ പൊതുദർശനത്തിന് വച്ചു.
അമ്പാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്- തൗഹിത ദമ്പതികളുടെ ഇളയമകൻ ആറു വയസ്സുകാരൻ സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് കാണാതായത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടില്‍ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. റോയല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാർത്ഥിയായ സുഹാന് അപസ്മാരത്തിന്റെ അസുഖം ഉള്ളതായാണ് സൂചന. ആരോഗ്യപ്രശ്നങ്ങള്‍ കാരണം അധികദൂരത്തേയ്ക്ക് സുഹാൻ പോകില്ലെന്നാണ് കരുത്തിയത്.
കാണാതായ സുഹാനായി അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് മണിക്കൂറോളം നീണ്ട വിപുലമായ തിരച്ചിലാണ് നടത്തിയത്. വീടിന് സമീപത്തെ പാടശേഖരങ്ങളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും പലവട്ടം പരിശോധന നടത്തിയിരുന്നു. ഇന്ന് രാവിലെ വീടിന് 800 മീറ്റർ അകലെയുള്ള കുളത്തിന്റെ മദ്ധ്യഭാഗത്തായിട്ട് മൃതദേഹം കമഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. സുഹാന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആറുവയസുകാരനായ കുട്ടി തനിച്ച് ഇത്രയും ദൂരം എങ്ങനെ എത്തിയെന്നതിലും കുളത്തില്‍ വീണതിലും ദുരൂഹതയുണ്ടെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
സുഹാന്റെ പിതാവ് വിദേശത്താണ്. സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് മാതാവ്. സംഭവസമയം മാതാവ് വീട്ടിലുണ്ടായിരുന്നില്ല.




