മൃതദേഹം സംസ്കരിച്ചതുമായി ബന്ധപ്പെട്ട് തർക്കം; ഛത്തീസ്ഗഡിൽ സംഘർഷം; രണ്ട് ക്രിസ്ത്യൻ പള്ളികൾ കത്തിച്ചു

റായ്പൂർ: ഛത്തിസ്ഗഡിലെ ബസ്തർ മേഖലയിലെ കാങ്കറിൽ മൃതദേഹം സംസ്കരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട സംഘ‍ർഷത്തിൽ പൊലിസുകാ‍രും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർക്കു പരുക്കേറ്റു. അക്രമികൾ രണ്ട് ക്രിസ്ത്യൻ പള്ളികൾ അ​ഗ്നിക്കിരയാക്കുകയും നിരവധി വീടുകൾ തകർക്കുകയും ചെയ്തു. സ്ഥിതി​ഗതികൾ നിയന്ത്രണാധീതമായതോടെ പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

കാങ്കറിലെ അമബെഡയിലെ തേവ്ഡ വില്ലേജിൽ അമബെഡ സർപഞ്ച് ചരൻ റാം സാലാമിന്റെ പിതാവ് ചമ്ര റാമിന്റെ മ‍ൃതദേഹം ക്രിസ്തീയ ആചാരപ്രകാരം സംസ്കരിച്ചതിനെ ആദിവാസികളിൽ ഒരു വിഭാഗം എതിർത്തതാണ് സംഘർഷത്തിന് വഴിവച്ചത്. വടികളുമായെത്തിയ ഗോത്രവർഗക്കാർ സംസ്കാര ചടങ്ങിനെത്തിയവരെ അടിച്ചോടിച്ചതോടെ അവരും പ്രത്യാക്രമണം നടത്തി. ഇതിനിടെ, ഒരുകൂട്ടം ആളുകൾ സർപഞ്ചിൻ്റെ വീട് തകർക്കുകയും ഗ്രാമത്തിലെ പള്ളിക്ക് തീവയ്ക്കുകയും ചെയ്തു. 

പിന്നാലെ മൂവായിരത്തിലധികം വരുന്ന സംഘം ആയുധങ്ങളുമായി അമബെഡയിലേക്ക് മാർച്ച് നടത്തുകയും മറ്റൊരു പള്ളി കത്തിക്കുകയും ചെയ്തു. പ്രദേശത്തെ മറ്റൊരു പള്ളികൂടി തകർക്കാൻ പോകുന്നതിനിടെ പൊലിസ് അക്രമികളെ ലാത്തിവീശി ഓടിക്കുകയായിരുന്നു. സംഭവത്തിൽ പരുക്കേറ്റ എ.എസ്.പി അന്തഗഡ് ആശിഷ് ബൻസോദ് അടക്കമുള്ള പൊലിസുകാരെയും മാധ്യമപ്രവർത്തകരെയും ​ഗ്രാമീണരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും