കൊച്ചി: മലയാള സിനിമയിലെ അതുല്യ പ്രതിഭയും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെ തൃപ്പുണിത്തുറയിലെ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.
ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം, ഇന്ന് രാവിലെ ഡയാലിസിസിനായി വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. തൃപ്പൂണിത്തുറയില്‍ എത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ഈ സമയം ഭാര്യ വിമല കൂടെയുണ്ടായിരുന്നു. ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂരിലെ പാട്യത്ത് ജനിച്ച ശ്രീനിവാസൻ ഏറെക്കാലമായി കൊച്ചി ഉദയംപേരൂരിലായിരുന്നു താമസം. 1956 ഏപ്രില്‍ 4-ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള പാട്യത്താണ് ശ്രീനിവാസന്റെ ജനനം. കതിരൂർ ഗവണ്‍മെന്റ് ഹൈസ്കൂള്‍, മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം അദ്ദേഹത്തെ മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചു. അവിടെനിന്നും സിനിമാ അഭിനയത്തില്‍ ഡിപ്ലോമ കരസ്ഥമാക്കിയ ശേഷമാണ് അദ്ദേഹം ചലച്ചിത്ര ലോകത്തേക്ക് ചുവടുവെച്ചത്.
ഭാര്യ വിമല. മലയാള സിനിമയിലെ യുവതാരങ്ങളായ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ മക്കളാണ്.
മലയാളികളുടെ പ്രിയപ്പെട്ട ‘ദാസനും വിജയനും’ ശൈലിയിലുള്ള തമാശകളിലൂടെയും സാമൂഹിക വിമർശനങ്ങളിലൂടെയും പതിറ്റാണ്ടുകളോളം പ്രേക്ഷകരെ വിസ്മയിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. ഇരുനൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.
1976 ല്‍ പി.എ. ബക്കറുടെ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. സന്ദേശം, നാടോടിക്കാറ്റ്, വരവേല്‍പ്പ്, പട്ടണപ്രവേശം തുടങ്ങിയ കാലാതീതമായ സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ചു. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധാന രംഗത്തും തനത് മുദ്ര പതിപ്പിച്ചു. മികച്ച സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ നിരവധി സംസ്ഥാന – ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതിയെ ഇത്രത്തോളം ഫലിതത്തിലൂടെയും മൂർച്ചയുള്ള സംഭാഷണങ്ങളിലൂടെയും വിമർശിച്ച മറ്റൊരു എഴുത്തുകാരൻ മലയാള സിനിമയില്‍ ഇല്ലെന്നുതന്നെ പറയാം.




