ജീവിതത്തിന്റെ കണക്കുപുസ്തകത്തിൽ നഷ്ടങ്ങൾ മാത്രം ബാക്കിയായവർക്ക്….

എബി ജോയ്, പുൽപ്പള്ളി

കടബാധ്യതയുടെ ഭാരത്താൽ തലയുയർത്താൻ കഴിയാത്തവർക്ക്, പ്രിയപ്പെട്ടവരുടെ വേർപാടിൽ നീറുന്നവർക്ക് – ഇതാ ഒരു പുതുവർഷം ഉദിച്ചുയരുന്നു.

നമ്മൾ തളർന്നിരിക്കുമ്പോൾ ലോകം പറയും ‘ഇനി രക്ഷയില്ല’ എന്ന്. എന്നാൽ സ്വർഗ്ഗം ഇന്ന് നിങ്ങളോട് പറയുന്നു: ‘മകനേ/മകളേ, നീ ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്.’

കഴിഞ്ഞുപോയ വർഷം ഒരുപക്ഷേ പരീക്ഷണങ്ങളുടേതായിരിക്കാം. അടഞ്ഞുപോയ വാതിലുകൾക്ക് മുന്നിൽ നിന്ന് നിങ്ങൾ കരഞ്ഞിട്ടുണ്ടാകാം. മരുന്നിനും ഭക്ഷണത്തിനും വകയില്ലാതെ ബാങ്ക് അക്കൗണ്ടിലെ ശൂന്യത നോക്കി നെടുവീർപ്പിട്ടിട്ടുണ്ടാകാം. എന്നാൽ സങ്കീർത്തനം 91:15-ലൂടെ ദൈവം ഇതാ നിങ്ങളോട് അരുളിചെയ്യുന്നു:

‘അവൻ എന്നോട് അപേക്ഷിക്കും; ഞാൻ അവനോടു ഉത്തരം പറയും; അവൻ കഷ്ടത്തിൽ ഇരിക്കുമ്പോൾ ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും.’

ഈ പുതുവർഷം നിങ്ങളുടേതാണ്. കഷ്ടപ്പെടുന്ന സഹോദരാ, നിനക്ക് വേണ്ടി ഇപ്പോൾ യേശുവിന്റെ നാമത്തിൽ ചിലതു സംഭവിക്കാൻ പോകുന്നു .

അടഞ്ഞ വാതിലുകൾ തുറക്കപ്പെടട്ടെ: താങ്കളുടെ തൊഴിൽ മേഖലയിലും സാമ്പത്തിക രംഗത്തും ദൈവികമായ ഇടപെടലുകൾ ഉണ്ടാകട്ടെ. അപ്രതീക്ഷിത ഉറവിടങ്ങളിൽ നിന്ന് ദൈവം താങ്കൾക്ക് വഴി തുറക്കും. നിങ്ങൾ ഇനി കടം വാങ്ങുന്നവനല്ല, കൊടുക്കുന്നവനായി മാറും. അത്ഭുതകരമായ വിഭവങ്ങൾ നിന്റെ വീട്ടിലേക്ക് ഒഴുകി വരട്ടെ.

നാളെയെക്കുറിച്ചുള്ള ആധി നിങ്ങളുടെ ഉറക്കം കളയണ്ട. ദൈവം നിന്റെ കൂടെയുണ്ട്.

പ്രിയപ്പെട്ടവരേ, ദൈവം നിങ്ങളെ മറന്നിട്ടില്ല. നിങ്ങൾ ഒറ്റയ്ക്കല്ല. ഈ പുതുവർഷത്തിൽ നിങ്ങളുടെ കണ്ണുനീർ തുടയ്ക്കപ്പെടും. നിങ്ങളെ തളർത്തിയ സാഹചര്യങ്ങൾ തന്നെ നിങ്ങളെ വളർത്താൻ ദൈവം ഉപയോഗിക്കും. നിങ്ങളുടെ ജീവിതത്തിലെ “സമൃദ്ധി” എന്ന അധ്യായം ഈ നിമിഷം ആരംഭിക്കുകയാണ്.

നിന്റെ മുമ്പിൽ അടഞ്ഞുകിടന്ന ഇരുമ്പ് വാതിലുകൾ പൊളിഞ്ഞുവീഴും. നിങ്ങളെ തള്ളിക്കളഞ്ഞയിടത്ത് നിന്ന് നിങ്ങൾ തന്നെ സാക്ഷ്യം പറയും. ദൈവം നിങ്ങളെ അനുഗ്രഹിക്കും, തീർച്ച.

വിശ്വാസത്തോടെ പ്രഖ്യാപിക്കൂ: ‘എന്റെ ദൈവം എനിക്ക് വേണ്ടി കരുതുന്നു!’

എല്ലാവർക്കും പ്രത്യാശാനിർഭരമായ ഒരു പുതുവർഷം ആശംസിക്കുന്നു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും