യുഎസില്‍ സമാധാന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ യുക്രെയ്നില്‍ വൻ ആക്രമണം നടത്തി റഷ്യ

സമാധാന ചർച്ചകള്‍ക്കിടെ യുക്രെയ്‌നില്‍ റഷ്യൻ ആക്രമണം. സമീപ ദിവസങ്ങളിലെ ഏറ്റവും കനത്ത ആക്രമണമാണ് റഷ്യ നടത്തിയിരിക്കുന്നത്.

653 ഡ്രോണുകളും 51 മിസൈലുകളുമാണ് റഷ്യ യുക്രെയ്‌നിലേക്ക് തൊടുത്തുവിട്ടത്. സംഭവത്തില്‍ എട്ടു പേർക്കു പരുക്കേറ്റിട്ടുണ്ട് യുക്രെയ്‌നിലെ 29 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് വിവരം. കീവിന്റെ തെക്കുപടിഞ്ഞാറുള്ള ഫാസ്റ്റിവ് പട്ടണത്തിലെ റെയില്‍വേ ഹബ് ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ പ്രധാന സ്റ്റേഷൻ കെട്ടിടം തകർന്നിട്ടുണ്ട്.

സൈനിക-വ്യാവസായിക കേന്ദ്രങ്ങളെയും, ഊർജ, തുറമുഖ അടിസ്ഥാന സൗകര്യങ്ങളെയുമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് റഷ്യ അവകാശപ്പെട്ടു. എന്നാല്‍ റഷ്യ തൊടുത്ത ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും തകർത്തെന്ന് യുക്രെയ്‌ൻ അവകാശപ്പെട്ടു. ഫ്ലോറിഡയില്‍ സമാധാന കരാറിലെ വ്യവസ്ഥകള്‍ സംബന്ധിച്ച്‌ യുഎസും യുക്രെയ്‌നും തമ്മിലുള്ള ചർച്ചകള്‍ മൂന്നാം ദിവസത്തേക്കു കടക്കാനിരിക്കെയാണ് റഷ്യൻ ആക്രമണം. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജറീദ് കഷ്നർ എന്നിവരാണ് യുക്രെയ്‌ൻ പ്രതിനിധികളുമായി ചർച്ച നടത്തുന്നത്.

റഷ്യൻ ആക്രമണത്തെ ഫ്രഞ്ച് പ്രസി‍ഡന്റ് ഇമ്മാനുവല്‍ മക്രോ അപലപിച്ചു. യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, ബ്രിട്ടീഷ്‌ പ്രധാനമന്ത്രി കിയ സ്റ്റാമെർ, ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മെർസ് എന്നിവരുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തുമെന്നും മക്രോ പറഞ്ഞു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും