ചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കൻ തീരത്തിനും മുകളിലായി രൂപപ്പെട്ട ഡിറ്റ് വാ (Ditwah) ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാട് തീരത്തേക്ക്.
ചെന്നൈയിലും സമീപ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം മഴക്കെടുതിയില്‍ ശ്രീലങ്കയില്‍ മരണസംഖ്യ 50 കടന്നു. 25 പേരെ കാണാതായിട്ടുമുണ്ട്. ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് പിന്നാലെ ലങ്കയില്‍ അതിതീവ്ര മഴയാണ് പെയ്യുന്നത്.
വ്യാഴാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച്, ചുഴലിക്കാറ്റ് ചെന്നൈയില്‍ നിന്ന് 670 കിലോമീറ്റർ തെക്ക്-തെക്കുകിഴക്കായി സ്ഥിതി ചെയ്യുകയാണ്. ഇത് ശ്രീലങ്കയില്‍ കനത്ത മഴയ്ക്ക് കാരണമായിട്ടുണ്ട്. ചുഴലിക്കാറ്റ് കാരണം മഴയോടൊപ്പം കാറ്റിൻ്റെ വേഗതയും വർധിക്കാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് നീങ്ങുന്ന വഴികളില്‍ മണിക്കൂറില്‍ 60 – 80 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശിയേക്കാം. ചിലയിടങ്ങളില്‍ ഇത് 90 കിലോമീറ്റർ വരെയാകാം. അടുത്ത രണ്ട് ദിവസത്തേക്ക്, തമിഴ്നാട്, പുതുച്ചേരി, കാരൈക്കല്‍ തീരങ്ങളില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റർ വേഗതയില്‍ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.
വെള്ളിയാഴ്ച, ചെന്നൈയിലും സമീപ പ്രദേശങ്ങളിലും ഇടവിട്ട് നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇടിയും മിന്നലും ഉണ്ടാകാം. ഭാഗികമായി മേഘാവൃതമായ ആകാശം കാരണം പരമാവധി താപനില ഏകദേശം 30 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കുറഞ്ഞ താപനില ഏകദേശം 25 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.
നവംബർ 29, 30 തീയതികളില്‍ ഇത് വടക്കൻ തമിഴ്നാട്ടിലേക്ക് വ്യാപിക്കും. ചെംഗല്‍പേട്ട് ഉള്‍പ്പെടെ ആറ് ജില്ലകളില്‍ നവംബർ 29ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ തീവ്രമോ, അതിതീവ്രമോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. നവംബർ 30ന് ചെന്നൈ, ചെംഗല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, റാണിപേട്ട് എന്നിവിടങ്ങളില്‍ പലയിടത്തും കനത് മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ശ്രീലങ്കയിൽ ഡിറ്റ് വാ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. 50 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 25 പേരെ കാണാതായി. കഴിഞ്ഞ 48 മണിക്കൂറായി ശക്തമായ മഴയാണ് ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്.



