തായ് പോ: ഹോങ്കോങിലെ തായ് പോ ജില്ലയില്‍ വാങ് ഫുക് കോർട് എന്ന ബഹുനില ഫ്ലാറ്റ് കെട്ടിടത്തിന് തീപിടിച്ച് വൻ അപകടം. നാലു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.
അടുത്തടുത്തായി നില്‍ക്കുന്ന ഇരട്ട ടവറുകള്‍ക്കാണ് തീപിടിച്ചത്. കെട്ടിടത്തിനുള്ളില്‍ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. എത്ര പേർ കുടുങ്ങിയിരിക്കാം എന്ന് വ്യക്തമല്ല. ഒരാളെ ഗുരുതരമായ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അഗ്നിരക്ഷാസേന ഇപ്പോഴും തീയണക്കല്‍ രക്ഷാപ്രവർത്തനങ്ങള്‍ തുടരുകയാണ്.
പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.51 ഓടെയാണ് തീപിടിച്ച വിവരം അഗ്നിരക്ഷാ സേനകള്‍ക്ക് ലഭിച്ചത്. ഉടൻ തന്നെ നിരവധി ഫയർ എൻജിനുകളും രക്ഷാസേനകളും സ്ഥലത്തെത്തി പ്രവർത്തനം ആരംഭിച്ചു.
വാങ് ഫുക് കോർട്ടില്‍ എട്ട് ബ്ലോക്കുകളിലായി 2,000-ത്തിലധികം ഫ്ലാറ്റുകള്‍ ഉണ്ട്. തീ പടർന്ന കെട്ടിടത്തിന് ചേർന്നുള്ള മറ്റ് ബഹുനില കെട്ടിടങ്ങളുടെ പുറത്ത് നിർമ്മാണപ്പണികള്‍ക്കായി മുളയുടെ തടി ബന്ധിപ്പിച്ച നിലയിലായിരുന്നു. ഇതാണ് തീ അതിവേഗം വ്യാപിക്കാനുള്ള സാധ്യത വർധിപ്പിച്ചിരിക്കുന്നത്.
കെട്ടിടത്തിനുള്ളിലെ താമസക്കാരെയെല്ലാം സംഭവ സ്ഥലത്ത് നിന്ന് മാറ്റി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുന്നില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍. അധികാരികള്‍ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ്.



