ന്യൂ ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡ്, ചിങ്ങവനം ഗോള്‍ഡന്‍ ജൂബിലി നിറവില്‍; സുവിശേഷ മുന്നേറ്റത്തിന്റെ അഞ്ച് പതിറ്റാണ്ടുകള്‍

1960 ല്‍ രക്ഷാനിര്‍ണ്ണയം പ്രാപിച്ച വി.എ. തമ്പി എന്ന 21 വയസ്സുകാരനായ യൗവ്വനക്കാരനെ കര്‍ത്താവ് പ്രേക്ഷിതദൗത്യത്തിനായി വിളിച്ചിറക്കിയപ്പോള്‍ 1961-ല്‍ താന്‍ പൂര്‍ണ്ണസമയം കര്‍ത്താവിന്റെ വേലയ്ക്കായി സമര്‍പ്പിച്ചു. ഈ എളിയ ആരംഭം ഒരു വലിയ മുന്നേറ്റത്തിന് നാന്ദി കുറിക്കുമെന്ന് ആരും കരുതിയിരുന്നില്ല. തകരപ്പാട്ട കൊണ്ട് നിര്‍മ്മിച്ച ഹാന്‍ഡമൈക്കുമായി നീലംപേരൂര്‍, കുറിച്ചി, കുഴിമറ്റം, ചിങ്ങവനം എന്നിവിടങ്ങളില്‍ വാക്യം വിളിച്ചു പറയുകയും പരസ്യയോഗങ്ങള്‍ നടത്തുകയും ട്രാക്റ്റു വിതരണം ചെയ്യുകയുമായിരുന്നു പ്രാരംഭകാല പ്രവര്‍ത്തനങ്ങള്‍.

1962-ല്‍ റാന്നിയില്‍ നടന്ന ഒരു കൂട്ടായ്മയില്‍ സാക്ഷ്യം പറയുവാനായി ലഭിച്ച ക്ഷണം ഒരു പുതിയ കാല്‍വെയ്പ്പായി മാറുകയായിരുന്നു. ഇടയനില്ലാതിരുന്ന ആ കൂട്ടായ്മയുടെ പാസ്റ്ററാകുവാനുള്ള നിയോഗം താന്‍ അന്ന് ഏറ്റെടുക്കുകയായിരുന്നു. ആ കൂട്ടായ്മ പിന്നീട് സഭാപ്രവര്‍ത്തനമായി മാറി. 1968 ല്‍ തെങ്ങേലി അച്ചന്റെ മാനസാന്തരത്തോടു കൂടിയുണ്ടായ വലിയ ഉണര്‍വ്വ് നിമിത്തമായി തെങ്ങേലി, തലയാര്‍, കുറ്റൂര്‍, മഴുക്കീര്‍, തിരുവന്‍വണ്ടൂര്‍, കല്ലിശ്ശേരി, ഓതറ എന്നീ സ്ഥലങ്ങളില്‍ നിന്ന് ഒരു വലിയ കുട്ടം ജനം രക്ഷിക്കപ്പെടുകയും സ്നാനപ്പെടുകയും ചെയ്തു. തെങ്ങേലി അച്ചന്‍ കിഡ്നാപ്പ് ചെയ്യപ്പെടുകയും മുമ്പോട്ടു വന്ന പലരും പിന്‍മാറ്റത്തില്‍ പോകുകയും ചെയ്തു.

ഒരു ചെറിയ ശേഷിപ്പ് വിശ്വാസത്തിനുവേണ്ടി വീറോടെ നില്‍ക്കുകയും പാസ്റ്റര്‍ വി.എ. തമ്പി വധഭീഷണിയെ വകവെയ്ക്കാതെ അവരെ വിശ്വാസത്തില്‍ ഉറപ്പിച്ചു. പില്‍ക്കാലത്ത് ഈ പ്രദേശത്ത് ഒരു സഭ ഉടലെടുത്തു. ശക്തമായ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നിമിത്തമായി പല സഭകള്‍ വിവിധ ഇടങ്ങളിലായി സ്ഥാപിക്കപ്പെട്ടു.

1976-ല്‍ 10 സഭകളുമായി ‘ന്യൂ ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡ്’ എന്ന പ്രസ്ഥാനം ‘ക്രൈസ്റ്റ് ഫോര്‍ ഇന്ത്യ’ എന്ന ദര്‍ശനത്തോടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പ്രഥമ പ്രസിഡന്റ് പാസ്റ്റര്‍ വി.എ. തമ്പിയും വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ജോസഫ് ചാക്കോയും ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ആര്‍. എബ്രഹാമും ആയിരുന്നു. 1976 ല്‍ കേരളാ പെന്തക്കോസ്തു സമൂഹത്തിലെ ആദ്യത്തെ മ്യൂസിക് ടീമായ ‘ക്രൈസ്റ്റ് ഫോര്‍ ഇന്ത്യാ സിംഗേഴ്സ്’ ന്യൂ ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡിന്റെ ചുമതലയില്‍ ആരംഭിച്ചു.

70 കളുടെ അവസാനവും 80 കളുടെ ആരംഭത്തിലും കേരളക്കരയില്‍ അങ്ങോളമിങ്ങോളം നടത്തപ്പെട്ട ക്രൂസേഡുകള്‍ സഭയുടെ ത്വരിതവളര്‍ച്ചയ്ക്ക് വളമേകി. 1983 ല്‍ ഭാരതത്തിലെ ആദ്യത്തെ സുവിശേഷ ബോട്ട് ന്യൂ ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡ് നീറ്റിലിറക്കിയത് കുട്ടനാട് സുവിശേഷീകരണത്തിന് ഊര്‍ജ്ജം പകര്‍ന്നു.

1980-ല്‍ പാസ്റ്റര്‍ ആര്‍. എബ്രഹാം ഉത്തരേന്ത്യയെക്കുറിച്ചുള്ള ആത്മഭാരത്തോടെ ന്യൂഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ചത് സഭയ്ക്ക് ഇതരസ്റ്റേറ്റുകളില്‍ സഭാവളര്‍ച്ചയ്ക്ക് ശക്തി പകര്‍ന്നു. 1978ലും 1983ലുമായി ആരംഭിച്ച സഹോദരന്മാരുടെയും സഹോദരിമാരുടെയും ബൈബിള്‍ കോളജ് വിദ്യാര്‍ത്ഥീ വിദ്യാത്ഥിനികളുമായി സുവിശേഷപ്രവര്‍ത്തനവും അനുധാവനപ്രവര്‍ത്തനവും നടത്തുകയും കേരളമെങ്ങും സുവിശേഷം അറിയിക്കുകയും സഭകള്‍ ഉടലെടുക്കുകയും ചെയ്തു. 2000-ല്‍ ആരംഭിച്ച മൊബൈല്‍ ഇവാഞ്ചലിസ്റ്റിക് ടീം (MET) പ്രവര്‍ത്തനം നിമിത്തം നുറുകണക്കിന് സഭകള്‍ വിവിധ സ്റ്റേറ്റുകളിലായി സ്ഥാപിക്കപ്പെട്ടു.

ജീവകാരുണ്യ പ്രവര്‍ത്തനമേഖലയില്‍ നിര്‍ണ്ണായകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കവാന്‍ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഭാരതത്തില്‍ വിവിധ കാലങ്ങളിലായി പ്രകൃതി ദുരന്തത്തിലും പകര്‍ച്ച വ്യാധിയിലും കഷ്ടമനുഭവിക്കേണ്ടി വന്ന ആയിരങ്ങള്‍ക്ക് സഹായഹസ്തം നല്‍കി ചേര്‍ത്തുപിടിക്കുവാന്‍ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ചെന്നൈ, കൊല്‍ക്കട്ട, ഡല്‍ഹി, മുംബൈ തുടങ്ങിയ പട്ടണങ്ങളിലെ തെരുവുകുഞ്ഞുങ്ങള്‍ക്ക് ജീവിതത്തിന്റെ മുഖ്യധാരയില്‍ എത്തിച്ചേരുവാനുള്ള കമ്മ്യുണിറ്റി ഡവലപ്‌മെന്റ് പ്രോഗ്രാമുകള്‍ നടക്കുന്നു.

സില്‍വര്‍ ജൂബിലി നിറവില്‍ എത്തിയിരിക്കുന്ന ന്യൂ ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡിന് ഇന്ന് ഭാരതത്തിലെ 24 സ്റ്റേറ്റുകളിലും ഭാരതത്തിന് പുറത്തുമായി 4500 ഓളം പ്രാദേശിക സഭകളും 14 ബൈബിള്‍ സ്‌കൂളുകളും, നിരാലംബരായ സ്ത്രീകള്‍ക്കു വേണ്ടിയുള്ള 75 ടെയ്ലറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, 17 ഓര്‍ഫനേജുകള്‍, 8 സ്‌കൂളുകള്‍, 1 എഞ്ചിനീയറിംഗ് കോളജ് അങ്ങനെ പ്രവര്‍ത്തനമേഖലയെ ദൈവം വിശാലമാക്കിയിരിക്കുന്നു.

പാസ്റ്റര്‍ ലിജോ. കെ. ജോസഫ്
മീഡിയ ചെയര്‍മാന്‍